വിയന്ന മലയാളി അസോസിയേഷന്‍ ഹംഗറിയിലേക്കു വിനോദയാത്ര നടത്തി
Friday, August 1, 2014 7:37 AM IST
വിയന്ന: ഓസ്ട്രിയന്‍ മലയാളികളുടെ കുടിയേറ്റ കഥ പറയുന്ന വിയന്ന മലയാളി അസോസിയേഷന്റെ 40-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹംഗറിയിലേക്കു വിനോദയാത്ര നടത്തി. ഓസ്ട്രോ ഹംഗേറിയന്‍ ചരിത്രമുറങ്ങുന്ന ഹംഗറിയിലെ പുരാതനനഗരങ്ങളിലേക്കാണ് വിഎംഎ വിനോദയാത്ര സംഘടിപ്പിച്ചത്.

ഹംഗറിയിലെ ചരിത്രപട്ടണമായ ഗയോര്‍ കൂടാതെ ബാലട്ടോണ്‍ സമുദ്രത്തിനു സമീപമുള്ള ചെറു പുരാതന നഗരങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വിനോദയാത്രയുടെ ആദ്യദിനത്തില്‍ ഗയോറും പിന്നീടുള്ള ദിവസങ്ങളില്‍ ബാലട്ടോണ്‍ സമുദ്രത്തിന്റെ തീരത്തുള്ള ചെറുപട്ടണങ്ങളും സന്ദര്‍ശിച്ചു. ബാലട്ടോണ്‍ നദീതീരത്തുള്ള രവീന്ദ്രനാഥ ടാഗോര്‍ സ്മാരകവും സന്ദര്‍ശിച്ചു. ബാലട്ടോണ്‍ നദിയിലൂടെ നടത്തിയ ബോട്ട് സവാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഹൃദ്യമായി.

വിയന്നയിലേക്കുള്ള മടക്കത്തില്‍ ആസ്ട്രോ ഹഗേറിയന്‍ ചരിത്രത്തെ അധികരിച്ച് കുട്ടികള്‍ക്കുവേണ്ടി പ്രശ്നോത്തരി മത്സര നടന്നു. മത്സരത്തിന് മാത്യു പെരിയന്‍കാലായില്‍ നേതൃത്വം നല്‍കി. വിനോദയാത്രയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അതിന്റെ സംഘാടകര്‍ക്കും സിജോ കുന്നുമ്മേല്‍ നന്ദി പറഞ്ഞു.

കുട്ടികളും മുതിര്‍ന്നവരും അടങ്ങിയ നൂറു പേരടങ്ങിയ വിനോദയാത്രാസംഘമാണ് മൂന്നു ദിവസത്തെ ഹംഗറി സന്ദര്‍ശനത്തിന് പോയത്. യാത്രയ്ക്ക്് വിഎംഎ പ്രസിഡന്റ് മാത്യു കിഴക്കേക്കര നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍