മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ് പുതിയ ഭരണഘടനയും ബില്‍ഡിംഗ് കമ്മിറ്റിയും നിലവില്‍ വന്നു
Friday, August 1, 2014 6:16 AM IST
ഹൂസ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണിന്റെ അര്‍ധ വാര്‍ഷിക പൊതുയോഗം സംഘടനയുടെ പുതിയ ഭരണഘടന അംഗീകരിച്ചു. സെക്രട്ടറി സുരേന്ദ്രന്‍ കോരന്റെ നേതൃത്വത്തില്‍ മുന്‍ ഭരണഘടനാ കമ്മിറ്റികളുമായുള്ള കൂടിയാലോചനകളുടെയും 1993ലെയും 2012ലെയും ഭരണഘടനകളുടെയും സൂക്ഷ്മ പരിശോധനയുടെയും വെളിച്ചത്തിലാണ് പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.

പ്രസിഡന്റ് തോമസ് വര്‍ക്കിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ചില ഭേദഗതികളോടെയാണ് പുതിയ ഭരണഘടന പാസാക്കിയത്.

അസോസിയേഷന്റെ ഇപ്പോഴുള്ള സ്ഥലത്ത് ഒരു മില്യണ്‍ ഡോളര്‍ ചെലവുള്ള സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മിക്കാന്‍ ശശിധരന്‍ നായര്‍ (ചെയര്‍മാന്‍), ഏബ്രഹാം ഈപ്പന്‍ (വൈസ് ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍ (ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍), ജോയ് എന്‍. സാമുവേല്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അസോസിയേഷന്റെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും ഐകകണ്ഠേന പാസാക്കി.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ