ഉണര്‍വ് ചാരിറ്റി ട്രസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ജോസ് കെ. മാണി എംപി
Thursday, July 31, 2014 8:48 AM IST
മെല്‍ബണ്‍: പ്രവാസി ജീവിതത്തിന്റെ തിരക്കിലും ബിസിനസ് രംഗത്ത് ലാഭം നേടുമ്പോഴും നിര്‍ധനരായ പാവപ്പെട്ടവരെ സഹായിക്കുന്നതിലൂടെ ഉണര്‍വ് ചാരിറ്റി ട്രസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് മാതൃകാപരമാണെന്ന് ജോസ് കെ. മാണി എംപി.

സൌദി അറേബ്യയിലും അയര്‍ലന്‍ഡിലും ഇപ്പോള്‍ ഓസ്ട്രേലിയയിലും പ്രവാസി മലയാളികള്‍ക്ക് സുപരിചിതയായ സജി മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന ഉണര്‍വ് ചാരിറ്റി ട്രസ്റിന്റെ ധനസഹായം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ കഴിവുളള കുട്ടികളെ സഹായിക്കുന്ന പദ്ധതിയാണ് ഉണര്‍വ് ചാരിറ്റി ട്രസ്റ്റ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. സജി മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലുളള മുണ്ടയ്ക്കല്‍സ് ഗിഫ്റ്റ് ആണ് ഈ പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍. സൌദി അറേബ്യയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിവന്ന് കേരളത്തില്‍ ജീവിക്കുന്നവരുടെ കൂട്ടായ്മയാണ് മുണ്ടയ്ക്കല്‍സ് ഗിഫ്റ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫിലെ ജീവിതം മതിയാക്കി കേരളത്തിലേക്ക് തിരിച്ച് വരേണ്ടവര്‍ക്ക് ഒരു പുനരധിവാസം കൂടിയാണ് മുണ്ടയ്ക്കല്‍സ് ഗിഫ്റ്റ് നിര്‍വഹിക്കുന്നത്. പത്ത് ലക്ഷം രൂപയുടെ പദ്ധതിയാണ് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠിക്കാന്‍ കഴിവുളളവരെ ജാതി, മതഭേദമെന്യേ സഹായിക്കുക എന്നുളളതാണ് ഉണര്‍വ് ചാരിറ്റി ട്രസ്റിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യ ഗഡു നഴ്സിംഗ് കോഴ്സിനും ഫാര്‍മസി കോഴ്സിനും അഡ്മിഷന്‍ ലഭിച്ച ലതാ വി. നായര്‍ക്കും ഗീതമ്മ വര്‍ഗീസിനും അമ്പതിനായിരം രൂപയുടെ ചെക്ക് നല്‍കി കൊണ്ടാണ് ജോസ് കെ. മാണി ഉണര്‍വിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

കേരള കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറിയും കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെംബറുമായ എന്‍.ഡി. ചാക്കോ, കോട്ടയം ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.എന്‍. മോഹനന്‍, കേരള പ്രവാസി സംരക്ഷണ സമിതി പ്രസിഡന്റ് കബീര്‍ എം.എ., കരുണ ചാരിറ്റി ട്രസ്റിന്റെ മെംബര്‍ സാവിയോ പിച്ചത്തില്‍, എകെസിസി പ്രസിഡന്റ് ജോയി പാറപ്പുറം, മുണ്ടയ്ക്കല്‍സ് ഗിഫ്റ്റിന്റെ കേരളത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ജിജി വട്ടകൊട്ടയില്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രവാസി മലയാളികള്‍ക്ക് അവരുടെ ബന്ധുക്കള്‍ക്ക് കേരളത്തില്‍ എവിടെ ആണെങ്കിലും ആഘോഷ അവസരങ്ങളില്‍ തങ്ങളുടെ സമ്മാനങ്ങള്‍ എത്തിച്ച് കൊടുക്കാം. സന്തോഷത്തിലും ദുഃഖങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ഒരു അവസരം ആണ് മുണ്ടയ്ക്കല്‍ ഗിഫ്റ്റ് നിര്‍വഹിക്കുന്നത്.

മെല്‍ബണിലെ മലയാളികള്‍ക്കിടെ സുപരിചിതനായ സജി മുണ്ടയ്ക്കലാണ് ഇതിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇദ്ദേഹത്തെ സഹായിച്ച ഗള്‍ഫിലും അയര്‍ലന്‍ഡിലും ഓസ്ട്രേലിയായിലും സുഹൃത്തുക്കളും കൂടി ഒന്നുചേരുമ്പോള്‍ തന്റെ ബിസിനസില്‍ കിട്ടുന്ന ലാഭത്തിന്റെ ഒരംശം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയാകുകയാണ് മുണ്ടയ്ക്കല്‍ ഗിഫ്റ്റ് ചെയ്യുന്നത്.

സെപ്റ്റംബറില്‍ മെല്‍ബണില്‍ മുണ്ടയ്ക്കല്‍ ഗിഫ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുളള ഒരു പൊതു പരിപാടി സംഘടിപ്പിക്കാനും ഇതിന്റെ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. മുണ്ടയ്ക്കല്‍ ഗിഫ്റ്റ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രവാസി മലയാളികള്‍ പിന്തുണയ്ക്കുന്നു. മെല്‍ബണിലെ പ്രവാസി കേരള കോണ്‍ഗ്രസിന്റെ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് മുണ്ടയ്ക്കല്‍ ഗിഫ്റ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സജി മുണ്ടയ്ക്കല്‍.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍