മാര്‍ ജോയി ആലപ്പാട്ടിനെ എസ്ബി-അസംപ്ഷന്‍ അലൂമ്നി അനുമോദിച്ചു
Thursday, July 31, 2014 6:32 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ട ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായ ഫാ. ജോയി ആലപ്പാട്ടിനെ ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അനുമോദിച്ചു.

ഇന്നത്തെ ലോകത്തില്‍ ആളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുവാന്‍ ആത്മീയതയുടെ ശക്തിക്കുമാത്രമേ കഴിയുകയുള്ളൂവെന്ന് ഉറച്ചു വിശ്വസിക്കുന്ന മാര്‍ ജോയി ആലപ്പാട്ടിന് ഒരു ഭാവമേയുള്ളൂ-എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന മഹനീയ പിതൃഭാവം. ലോകം മുഴുവന്‍ തന്നിലേയ്ക്കണയ്ക്കുന്ന വാത്സല്യഭാവം. വേദനിക്കുന്ന മനുഷ്യ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുന്ന സ്നേഹഭാവം തുടിക്കുന്ന മനസിന്റെ ജനനിയായ അദ്ദേഹം സര്‍വംസഹ മാത്രമല്ല ഒരു സര്‍വഗ്രാഹികൂടിയാണെന്ന് ക്രൈസ്തവ സഭാ വിഭാഗത്തിനു മാത്രമല്ല ഇതര മതവിഭാഗങ്ങള്‍ക്കും മറ്റ് മതസ്ഥര്‍ക്കും അല്ലാത്തവര്‍ക്കും തന്റെ ജീവിതസാക്ഷ്യത്തിലൂടെ ത്രിവത്സരത്തിനുള്ളില്‍ ബോധ്യപ്പെടുത്തിയ വത്സലപിതാവാണ്. ആധ്യാത്മിക ഔന്നത്യത്തിന്റെ നക്ഷത്രപ്രഭയില്‍ സൌമ്യനായി വിക്ഷോഭനായി ലോകത്വം ഗ്രഹിച്ച നീതിബോധമുള്ള ആളുകളുടെ മണംപേറുന്ന നല്ല ഇടയനായ ലക്ഷണമൊത്ത ഒരു ആത്മീയ ആചാര്യന്റെ ഭാവങ്ങളിലേക്ക് ലാളിത്യജീവിതശൈലിയിലൂടെ ശുശ്രൂഷയുടെ തലങ്ങളിലേക്ക് നടന്നടുക്കുന്ന സഹായമെത്രാന്‍.

ഈ സ്ഥാനക്കയറ്റം ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് ഒരു മുതല്‍ക്കൂട്ടും അതിന്റെ വളര്‍ച്ചയുടെ പാതയില്‍ ഒരു നിര്‍ണായക വഴിത്തിരിവും നാഴികക്കല്ലുമാണ്. എരിയുന്ന പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും നടുവില്‍ പോലും നിറപുഞ്ചിരിയോടെ ഹാസ്യഭാവനയില്‍ 'പുലിപോലെ വന്നവനെ എലിപോലെ' പറഞ്ഞുവിടുന്ന അദ്ദേഹത്തിന്റെ പ്രശ്നങ്ങളെ നേരിടാനുള്ള വൈദഗ്ധ്യം ജനഹൃദയങ്ങളെ കവരുന്ന ഒരു ആഭരണീയ വ്യക്തിത്വമായി മാറ്റി ഇതിനോടകം.

വൈവിധ്യങ്ങളിലെ ഏകതയിലേക്കും ഒരുമയുടെ കാഴ്ചപ്പാടിലേക്കും നയിക്കുന്ന ക്രൈസ്തവ ജീവിതശൈലിയില്‍ വിശാല ക്രൈസ്തവ സമൂഹത്തെ ആധ്യാത്മികപാതയില്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം സഭാഘടനയെ ദൃഢമായി മുന്നോട്ടു നയിക്കുവാന്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അമരക്കാരനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകരുന്നതിന് നിയുക്ത സഹായ മെത്രനായ മാര്‍ ജോയി ആലപ്പാട്ടിന് കഴിയട്ടെ എന്ന് എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്തു.

പിആര്‍ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം