കെ.എന്‍.എസ് മൌലവി തിരുവമ്പാടിയും പാര്‍ട്ടിയും കഥാപ്രസംഗം അവതരിപ്പിച്ചു
Thursday, July 31, 2014 6:31 AM IST
മനാമ: ജനഹൃദയങ്ങള്‍ക്ക് നന്മയുടെ ഗുണപാഠങ്ങള്‍ പകര്‍ന്ന് എസ്കെഎസ്എസ്എഫ് ഇസ്ലാമിക ഈദ് സുദിനത്തില്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസിനെ കുളിരണിയിച്ച് കെ.എന്‍.എസ് മൌലവി തിരുവമ്പാടിയും പാര്‍ട്ടിയും അവതരിപ്പിച്ച കഥാപ്രസംഗം ജനഹൃദയങ്ങളില്‍ നന്മയുടെ ഗുണപാഠം പകര്‍ന്നു നല്‍കുന്നതായി.

ഇബ്രാഹിമുബ്നു അദഹം (റ) എന്ന വിശ്വവിഖ്യാത ചരിത്ര പുരുഷന്റെ വിസ്മയ ജനകമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ 'കണ്ണീരില്‍ കുതിര്‍ന്ന ഖബറിടം' എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ചതിലൂടെ ഭൌതികതയുടെ സുഖാഡംബരങ്ങളിലല്ല പാരത്രിക ജീവിതത്തിലെ സന്തോഷത്തിലാണ് വിശ്വാസി ജീവിത ലക്ഷ്യം കണ്െടത്തേണ്ടതെന്ന് കാഥികന്‍ സദസിനെ ഓര്‍മപ്പെടുത്തുകയായിരുന്നു.

പിന്നണിയില്‍ അണിനിരന്ന മുജീബ് റഹ്മാന്‍ കാളികാവ്, ഷമീര്‍ പേരാമ്പ്ര, അജ്മല്‍ റോഷന്‍ എടപ്പാള്‍ എന്നിവരുടെ ഇമ്പമാര്‍ന്ന ഗാനാലാപനം ഏറെ മികവുറ്റ അനുഭൂതിയാണ് പകര്‍ന്നത്.

എസ്കെഎസ്എസ്എഫ് പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ അധ്യക്ഷത വഹി ച്ച പരിപാടി സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് എസ്.വി ജലീല്‍, സമസ്ത കേരള സുന്നീ ജമാഅത്ത് സെക്രട്ടറി എസ്.എം അബ്ദുള്‍ വാഹിദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മജീദ് ചോലക്കോട് സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു.

പാസ്തീനിലെ നിരപരാധികള്‍ക്കുവേണ്ടിയുള്ള ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയോടെയാണ് പരിപാടിക്ക് സമാപനം കുറിച്ചത്.