ഗാസാ ഉപരോധം അവസാനിപ്പിക്കാന്‍ ഒമാനും ഇറാനും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു
Thursday, July 31, 2014 6:29 AM IST
മസ്ക്കറ്റ്: ഈദിനോട് അനുബന്ധിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി യുസഫ് ബിന്‍ അലവി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവാദുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ഉപരോധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അഭ്യര്‍ഥിച്ചതായി ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

അത്യന്തം ഗുരുതരമായ അവസ്ഥയില്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍ നടത്താനും തുടര്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് അന്തിമ പരിഹാരം ഉണ്ടാക്കുവാനും ഇരു രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.

കഴിഞ്ഞ 23 ദിവസങ്ങളിലായി 1300 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇസ്രായേല്‍ ഭാഗത്തു നിന്നും 53 പട്ടാളക്കാരുള്‍പ്പെടെ 56 പേരാണു കൊല്ലപ്പെട്ടത്. 3300 അഭയാര്‍ഥികളെ താമസിപ്പിച്ചിരുന്ന പാലസ്തീനിലെ ജബല്യ ഗേള്‍സ് സ്കൂളിനു നേരെ നടന്ന ഷെല്‍ ആക്രമണത്തില്‍ ചോരപ്പുഴ ഒഴുകി. ഈ സ്കൂളിന്റെ അടുത്തുനിന്നും റിബലുകള്‍ ആക്രമണം നടത്തിയതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച ഇസ്രായേലിനുനേരെ തൊടുത്ത ഏഴു റോക്കറ്റുകളും ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ പതിച്ചു. ഗാസാ സിറ്റിയില്‍ ഇസ്രായേല്‍ ടാങ്കുകള്‍ നടത്തിയ ആക്രമണത്തില്‍ നഗരത്തിലെ ഏക പവര്‍ പ്ളാന്റ് തീയിലമര്‍ന്നു. ഇതേ തുടര്‍ന്ന് വെള്ളവും വെളിച്ചവും നിലച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം