സൌദിയില്‍ വാഹനാപകടം; രണ്ടു മലയാളി വീട്ടമ്മമാര്‍ മരിച്ചു
Thursday, July 31, 2014 6:27 AM IST
ദമാം: റിയാദ് - ദമാം ഹൈവേയില്‍ റിയാദിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനികളായ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. കുട്ടികളുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ തലശേരി സൈദാര്‍പ്പള്ളി സ്വദേശി റാഷിദിന്റെ ഭാര്യ ഷേര്‍ളി (30), തലശേരി കായത്ത് റോഡ് സ്വദേശി റിയാസിന്റെ ഭാര്യ നജ്മ (31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ റിയാസും വണ്ടിയോടിച്ചിരുന്ന വിപിനും അല്‍ഹസയിലെ ബിന്‍ജെലവി ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാസിന്റെ മക്കളായ റിന്‍ഷ (14), സിയ (4) എന്നിവരെ റിയാദ് നസീമിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്. റാഷിദും മകന്‍ മൂന്നുവയസുകാരനായ സിനാനും നിസാരപരിക്കുകളോടെ രക്ഷപെട്ടു. റാഷിദ് - ഷേര്‍ളി ദമ്പതികളുടെ മൂത്ത കുട്ടികളായ ഫിദ (12), റിദ (8) എന്നിവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അല്‍ഹസയിലെ ബിന്‍ജെലവി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

റിയാദ് ബത്ഹയിലെ ബത്ഹ കോമേഴ്സ്യല്‍ സെന്ററില്‍ ടെക്സ്റ്റൈല്‍ ഷോറൂമുകള്‍ നടത്തുന്ന റാഷിദും റിയാസും പെരുന്നാള്‍ പ്രമാണിച്ച് തങ്ങളുടെ കുടുംബങ്ങളുമായി ചൊവ്വാഴ്ച ദമാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. സുഹൃത്തായ വിപിന്റെ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ വാഹനത്തിലായിരുന്നു യാത്ര. ദമാമിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി റിയാദിലേക്ക് പുറപ്പെട്ട ഇവരുടെ വാഹനം പുലര്‍ച്ചെ രണ്േടാടെ മറിഞ്ഞാണ് അപകടം. റിയാദിന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് അറിയുന്നു.

നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിനീങ്ങിയ വാഹനം തലകീഴായി മറിയുകയായിരുന്നു. പിന്‍വശത്തിരുന്ന സ്ത്രീകള്‍ റോഡിലേക്ക് തെറിച്ചുവീണാണ് തല്‍ക്ഷണം മരിച്ചത്. മുന്‍വശത്ത് ഡ്രൈവറോടൊപ്പം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് റാഷിദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് പോലീസാണ് പരിക്കേറ്റവരേയും മൃതദേഹങ്ങളും ആശുപത്രികളിലെത്തിച്ചത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം