വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സ് കുമരകത്ത് ഓഗസ്റ് ഏഴു മുതല്‍ പത്തു വരെ
Wednesday, July 30, 2014 8:36 AM IST
ബര്‍ലിന്‍: ആഗോളതലത്തില്‍ മലയാളികളെ കൂട്ടിയിണക്കുന്ന പ്രമുഖ സംഘടനായ വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതൃത്വത്തിലുള്ള ഒമ്പതാമത് ഗ്ളോബല്‍ കോണ്‍ഫറന്‍സ് ഓഗസ്റ് ഏഴു മുതല്‍ 10 വരെ കുമരകത്തു നടക്കും.

കുമരകം ബാക്ക്വാട്ടര്‍ റിപ്പിള്‍സില്‍ നടക്കുന്ന സമ്മേളനത്തില്‍ എന്‍ആര്‍കെ (നോണ്‍ റെസിഡന്റ് കേരളൈറ്റ്സ്) ഫെസ്റും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മനി) അറിയിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നാലുദിവസത്തെ പാക്കേജ് റേറ്റിലാണ് അക്കമഡേഷനും മറ്റു സൌകര്യങ്ങളും നല്‍കിയിരിക്കുന്നത്.

എന്‍ആര്‍കെ ഫെസ്റ്, 51 നിര്‍ധന യുവതി യുവാക്കളുടെ സമൂഹ വിവാഹം, കേരള ബിസിനസ് അവാര്‍ഡ്, കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍, റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സ്റേജ്ഷോ, ഐഡിയ സ്റാര്‍ സിംഗര്‍ താരങ്ങളുടെ ഗാനമേള, കുമരകം ടൂര്‍, ബോട്ട് റേയ്സ്, ഓണാഘോഷം തുടങ്ങിയവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക കലാ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, ന്യൂസിലാന്റ്, ഗള്‍ഫ്, സിംഗപ്പൂര്‍ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി 1500 ഓളം പേര്‍ സംഗമത്തിന് സാക്ഷ്യം വഹിക്കും.
സംഗമത്തിന്റെ വിജയത്തിനായി മുന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി രക്ഷാധികാരിയയായും ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, ഗ്ളോബല്‍ പ്രസിഡന്റ് എം.എസ്. ജോസ്, ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ഡോ. പോളി മാത്യു അറമ്പന്‍കുടി, കണ്‍വീനര്‍ അഡ്വ. സിറിയക് തോമസ്, വി.സി. പ്രവീണ്‍, അനോജ്കുമാര്‍, മോഹന്‍ എടയ്ക്കാട്, സി.ആര്‍. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുളള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

സമ്മേളനത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ പുതിയ തെരഞ്ഞെടുപ്പും നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയിയിരിക്കുന്ന ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഇറ്റലി, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരവാഹികളും മറ്റു പ്രതിനിധികളും പങ്കെടുക്കുമെന്ന് യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് തോമസ് അറമ്പന്‍കുടി (ജര്‍മനി) അറിയിച്ചു.

ഡബ്ള്യുഎംസിക്ക് ആഗോള തലത്തില്‍ ആറു റീജിയനുകളിലായി അന്‍പത്തിയൊന്ന് പ്രോവിന്‍സുകളാണുള്ളത്. ഇന്ത്യയില്‍തന്നെ പന്ത്രണ്ട് പ്രോവിന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 00919448064430.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍