നിലവാരത്തകര്‍ച്ച: രണ്ട് എന്‍ജി. കോളജുകളുടെ അഫിലിയേഷന്‍ വി ടി യൂണിവേഴ്സിറ്റി റദ്ദാക്കി
Wednesday, July 30, 2014 8:32 AM IST
ബാംഗളൂര്‍: അടിസ്ഥാനസൌകര്യങ്ങളുടെ കുറവും ഫാക്കല്‍റ്റിയുടെ പോരായ്മയും ചൂണ്ടിക്കാട്ടി രണ്ട് എന്‍ജിനിയറിംഗ് കോളജുകളുടെ അഫിലിയേഷന്‍ ബാംഗളൂര്‍ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (വിടിയു) റദ്ദാക്കി. നാലു കോളജുകള്‍ക്ക് ഷോക്കോസ് നോട്ടീസും നല്‍കിയിട്ടുണ്ട്. ഇതോടെ ഈ കോളജുകളില്‍ പഠിക്കുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലായി.

നാദിഗിര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ്് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, ജിഎസ്എസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുടെ അഫിലിയേഷനാണ് റദ്ദാക്കിയത്. ബാസവ അക്കാദമി ഓഫ് എന്‍ജിനിയറിംഗ്, ശ്രീകൃഷ്ണ സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്റ്, തിപ്തൂരിലെ ശ്രീ ബാസവേശ്വര ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നെലമംഗലയിലെ ശ്രീ ബെലിമാതാ മഹാസംസ്താന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയ്ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

വിടി യൂണിവേഴ്സിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുള്ള നാല് എന്‍ജിനിയറിംഗ് കോളജുകളിലേക്കുള്ള പ്രവേശനനടപടികള്‍ കര്‍ണാടക എക്സാമിനേഷന്‍ അഥോറിറ്റി നിര്‍ത്തലാക്കിയിരിക്കുകയാണ്.

അതേസമയം, അഫിലിയേഷന്‍ റദ്ദാക്കിയ രണ്ടു കോളജുകളിലെ വിദ്യാര്‍ഥികളെ മറ്റ് എന്‍ജിനിയറിംഗ് കോളജുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പുനഃപ്രവേശനം നല്‍കുമെന്നും ഇതിനായി ഓഗസ്റ് അഞ്ച്, ആറ് തീയതികളില്‍ കൌണ്‍സലിംഗ് നടത്തുമെന്നും വിടി യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്െടങ്കിലും വിദ്യാര്‍ഥികളെല്ലാം ആശങ്കയിലാണ്. ഈ രണ്ടു കോളജുകളില്‍ വിവിധ സെമസ്ററുകളിലായി പഠിക്കുന്ന 2000ത്തോളം വിദ്യാര്‍ഥികളാണ് ആശങ്കയില്‍ കഴിയുന്നത്. തങ്ങള്‍ക്കെല്ലാം മറ്റുള്ള കോളജുകളില്‍ പ്രവേശനം നല്‍കുമെന്ന ഉറപ്പ് അപ്പാടെ വിശ്വസിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാകുന്നുമില്ല.

അതേസമയം, അഫിലിയേഷന്‍ റദ്ദാക്കിയ യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും അതിനാല്‍ ഫീസടച്ച് കാത്തിരിക്കാനും കോളജധികൃതര്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സംസ്ഥാനത്തെ മിക്ക എന്‍ജിനിയറിംഗ് കോളജുകളിലും കഴിഞ്ഞ 20ന് ക്ളാസുകള്‍ ആരംഭിച്ചിട്ടുണ്ട്. ചില കോളജുകളില്‍ ക്ളാസുകള്‍ ഓഗസ്റ് ഒന്നുമുതല്‍ ആരംഭിക്കും.

യൂണിവേഴ്സിറ്റിയുടെ കൌണ്‍സലിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണ്ടിവരും. അഫിലിയേഷന്‍ റദ്ദായ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം നിരവധി അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. പുനഃപ്രവേശനം ലഭിക്കുന്ന കോളജുകളില്‍ ഭാരിച്ച ഫീസ് നല്‍കേണ്ടിവരുമോയെന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കുണ്ട്.

അതേസമയം, ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുള്ള നാലു കോളജുകളില്‍ അവശ്യം വേണ്ട സൌകര്യങ്ങളൊന്നുമില്ലെന്നും ഈ വര്‍ഷം രണ്ടാമതൊന്നുകൂടി നടത്തുന്ന പരിശോധനയ്ക്കുശേഷം ഈ കോളജുകളുടെയും അഫിലിയേഷന്‍ റദ്ദാക്കുമെന്നും വി ടിയൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എച്ച്. മഹേഷപ്പ പറഞ്ഞു.

കാര്യങ്ങളെല്ലാം നേരെയാക്കണമെന്ന് പലകുറി അറിയിച്ചിട്ടും ഈ കോളജുകള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫിലിയേഷന്‍ റദ്ദായ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുനഃപ്രവേശനം നല്‍കുന്ന കോളജുകളില്‍ ഇവര്‍ക്കു നഷ്ടപ്പെട്ട അധ്യയനദിവസങ്ങള്‍ക്കു പകരം സ്പെഷല്‍ ക്ളാസുകള്‍ നടത്താന്‍ നിര്‍ദേശിക്കുമെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.