ബ്രിട്ടനില്‍ എബോള വൈറസ് ഭീഷണി ശക്തമാവുന്നു
Wednesday, July 30, 2014 7:17 AM IST
ലണ്ടന്‍: ബ്രിട്ടനില്‍ മാരകമായ എബോള വൈറസ് പടര്‍ന്നേക്കുമെന്ന ഭീഷണി ഉയരുന്നു. എബോള വൈറസ് പിടിപെട്ട ആഫ്രിക്കന്‍ സ്വദേശി ബര്‍മിംഗ്ഹാമില്‍ എത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണിത്. ആരോഗ്യമന്ത്രാലയം രാജ്യത്താകെ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പനിയുമായി രാജ്യത്തെത്തിയ ആഫ്രിക്കക്കാരനെ വിശദമായ പരിശോധനകള്‍ക്കു വിധേയനാക്കി വരുന്നു. വെസ്റ് ആഫ്രിക്കയില്‍ നിന്ന് മിഡ്ലാന്റ്സിലേക്ക് വിമാനത്തിലാണ് ഇയാള്‍ വന്നത്. നൈജീരിയയിലെ ബെനൈനില്‍നിന്ന് പാരിസ് വഴി യുകെയിലെത്തിയ ഇയാള്‍ക്ക് തിങ്കളാഴ്ചയാണ് പനി അനുഭവപ്പെട്ടത്.

എബോള വൈറസ് ഫെബ്രുവരിക്കുശേഷം ഗിനിയ, ലൈബീരിയ, സിയെര ലിയോണെ എന്നിവിടങ്ങളിലായി 672 പേരുടെ മരണത്തിന് കാരണമായിരുന്നു. നൈജീരിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിനു ഫലപ്രദമായ ചികിത്സ ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ല.

രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പത്തില്‍ താഴെ ശതമാനം മാത്രം സാധ്യതയാണ് വൈദ്യശാസ്ത്രം കല്‍പ്പിച്ചിട്ടുള്ളത്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഈ രോഗം എളുപ്പത്തില്‍ പിടിപെടാം. രോഗികളെ ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരെ വൈറസ് ബാധിച്ചതായി നൈജീരിയയില്‍ സ്ഥിരീകരിച്ചു. പോയ ആഴ്ച അവസാനമാണ് നൈജീരിയയില്‍ ആദ്യത്തെ എബോളയുടെ സാന്നിധ്യം അറിയുന്നത്.

എബോള പനിയുടെ സാന്നിധ്യം; ലക്ഷണങ്ങള്‍ തിരിച്ചറിയാം.

വായുവിലൂടെ വ്യാപിക്കുമെന്ന പേടി വേണ്ട. പക്ഷെ രോഗിയുടെ സ്പര്‍ശനം, വിയര്‍പ്പ്, തുമ്മല്‍ എന്നിവയിലൂടെ വൈറസ് പകരും. ശരീരത്തിലെ ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. വൈറസ് പിടിപെട്ട് രണ്ടു മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെയുള്ള സമയത്താവും രോഗത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. പനിയെ കൂടാതെ തൊണ്ടവേദന, തലവേദന, പേശികളുടെ വേദന വയറിളക്കം, ശര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങളും എബോള വൈറസ് ബാധിച്ചവരില്‍ കാണുന്നുണ്ട്. വൈറസുകള്‍ കരളിനെയും വൃക്കയെയും ബാധിക്കുന്നതോടെ രക്തസ്രാവവും ഉണ്ടാകും. ലോലമായ രക്തധമനികളെ വൈറസുകള്‍ ആക്രമിക്കുന്നതിനാല്‍ കണ്ണ്, കാത്, വായ്, എന്നിവിടങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടാവും. കണ്ണിന്റെ കൃഷണമണിയല്ലാത്ത ഭാഗം ചുവന്നു തടിക്കും. ശരീര ചര്‍മ്മത്തില്‍ കരിവാളിച്ച് രൂപാന്തരപ്പെടും. ഇതിനോടകം വൈറസ് പിടിപെട്ട രോഗിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം സാവകാശം തകരാറിലാക്കി പിന്നീട് മരണവും സംഭവിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍