രോഗക്കിടക്കയിലായ നേതാവിനെ കാണാന്‍ മന്ത്രി അനൂപ് എത്തി
Tuesday, July 29, 2014 7:19 AM IST
കോളിച്ചാല്‍: പ്രിയ നേതാവിന്റെ മകനും മന്ത്രിയുമായ അനൂപ് ജേക്കബ് തിരക്കിനിടയിലും വീട്ടിലേക്കു കയറിവന്നപ്പോള്‍ രോഗക്കിടക്കയിലായിരുന്ന കോളിച്ചാലിലെ പരിയാരത്തുപടവില്‍ തോമസ് ജോസഫിനു ഏറെ സന്തോഷമായി. ഇന്നലെ ഉച്ചയോടെയാണു ഭക്ഷ്യ-സിവില്‍സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് പാര്‍ട്ടിയുടെ മുന്‍ ഹൈപവര്‍ കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായിരുന്ന തോമസ് ജോസഫിന്റെ വീട്ടിലെത്തിയത്.

വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ്-ജേക്കബ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായിരുന്ന തോമസ് ജോസഫ് അസുഖത്തെത്തുടര്‍ന്നു നാലുമാസം മുമ്പാണ് രാജിവച്ചത്. മുന്‍ മന്ത്രി ടി.എം. ജേക്കബിന്റെ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന തന്നെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മന്ത്രി അനൂപ് ജേക്കബ് വിളിച്ചു ക്ഷേമം അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് തോമസ് ജോസഫ് പറഞ്ഞു. ഇപ്പോഴും പാര്‍ട്ടി മെംബറായ തോമസ് ജോസഫ് ഓര്‍മ്മവച്ച കാലം മുതല്‍ കേരള കോണ്‍ഗ്രസ്് അനുഭാവിയായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജേക്കബ് ഗ്രൂപ്പിലേക്കു മാറുകയായിരുന്നു.

ഒരുമണിക്കൂറിലേറെ തോമസ് ജോസഫിന്റെ വീട്ടില്‍ ചെലവഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, ജോസ് വെട്ടിയാങ്കല്‍, ബെന്നി ഏബ്രഹാം, എന്‍.ഐ.ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു.