ഖാദിം വീസ തൊഴില്‍ വീസയിലേക്ക് മാറ്റാന്‍ അനുമതി
Tuesday, July 29, 2014 3:50 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരുന്ന ഗാര്‍ഹിക വീസക്കാര്‍ക്ക് (ഖാദിം) സ്വകാര്യമേഖലയിലെ തൊഴില്‍ വീസകളിലേക്ക് (ഷൂണ്‍) മാറാന്‍ വീണ്ടും അവസരമൊരുങ്ങുന്നു.

ഓഗസ്റ് 17 മുതല്‍ മൂന്ന് മാസത്തേക്കാണ് ആര്‍ട്ടിക്കിള്‍ 20-ാം നമ്പര്‍ ഗാര്‍ഹിക വീസയിലുള്ളവരെ തൊഴില്‍ വീസയിലേക്ക് മാറാന്‍ അനുവദിക്കുകയെന്ന് തൊഴില്‍ മന്ത്രാലയത്തിനുകീഴിലെ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ദൂസരിയാണ് അറിയിച്ചത്.

ഗാര്‍ഹിക വീസ തൊഴില്‍ വീസയിലേക്ക് മാറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതോടെയാണ് വീസ മാറ്റത്തിന് വഴിതെളിഞ്ഞത്. ഗാര്‍ഹിക വീസയില്‍ രാജ്യത്തത്തിെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുക എന്ന നിബന്ധനയോടെ സ്വന്തം സ്പോണ്‍സറുടെയോ സ്പോണ്‍സറുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെയോ കീഴിലെ സ്വകാര്യ തൊഴില്‍ വീസകളിലേക്ക് മാറാന്‍ മാത്രമാണ് അനുവാദം ഉണ്ടായിരിക്കുക.

ഖാദിം വീസക്കാരുടെ വീസ മാറ്റവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികളുള്‍പ്പെടെ സ്വദേശി വീടുകളില്‍ ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വേലക്കാര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് 18-ാം നമ്പര്‍ ഷൂണ്‍ വീസകളിലേക്ക് മാറാനുള്ള വാതിലാണ് തുറക്കപ്പെടുക. തൊഴില്‍ വിപണിയിലേക്ക് പുതുതായി ആവശ്യം വരുന്ന തൊഴിലാളികളെ പുറത്തുനിന്ന് പുതുതായി കൊണ്ടുവരുന്നതിനുപകരം നിലവില്‍ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തുകയാണ് വീസ മാറ്റം അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തൊഴില്‍ വിപണിയുടെ ആവശ്യത്തെ ബാധിക്കാതെ തന്നെ വിദേശി തൊഴിലാളികളുടെ ഒഴുക്കിന് ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഇത്തരത്തില്‍ വീസ മാറുന്നതിനുള്ള അനുമതി ഇനിയുണ്ടാവില്ലെന്ന സൂചനയും അല്‍ദൂസരി നല്‍കി. മൂന്നുമാസ കാലാവധി തീരുന്നതോടെ തൊഴില്‍ വിപണിയിലെ ആവശ്യാനുസരണം രാജ്യത്തിന് പുറത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതിയെന്നും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി ധാരണയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍