സൌദിയില്‍ പെരുന്നാള്‍ ആഘോഷിച്ചു
Monday, July 28, 2014 6:54 AM IST
ദമാം: വ്രത ശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് സമാപനം കുറിച്ച് സൌദിയിലെങ്ങും വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.

മസ്ജിദുല്‍ ഹറാമില് നടന്ന പെരുന്നാള്‍ നിസ്കാരത്തില്‍ സൌദി കീരീടവകാശി സല്‍മാന്‍ രാജകുമാരന്‍, രണ്ടാം കിരീടവകാശി മുഖ്രിന് ബിന്‍ അബദ്ലുല്‍ അസീസ് രാജകുമാരന്‍, സൌദി വിദ്യാഭ്യാസ മന്ത്രി ഖാലിദ് ഫൈസല്‍ രാജകുമാരന്‍, ബന്ദര്‍ ബിന്‍ മുഹമ്മദ് രാജകുമാരന്‍, അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സയിദ് രാജകുമാരന്‍ എന്നിവര്‍ മക്കയില്‍ പെരുന്നാള്‍ നിസ്കാരത്തിനുശേഷം സഫാ കൊട്ടാരത്തില്‍ കിരീടാവകാശിക്ക് വിവിധ ഗവര്‍ണര്‍മാരും രാജകുടുംബാംഗങ്ങളും മന്ത്രിമാരും പെരുന്നാള്‍ ആശംസ നേര്‍ന്നു. മസ്ജിദുന്നബവിയില നടന്ന പെരുന്നാള്‍ നിസ്കാരത്തില്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരുനും പങ്കെടുത്തു. റിയാദിലെ ഈദ് ഗാഹില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തില്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള രാജകുമാരന്‍ പങ്കെടുത്തു. അസീറില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തില്‍ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ പങ്കെടുത്തു.

കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തില്‍ സൌദ് ബിന്‍ നായിഫ് അബ്ദുള്‍ അസീസ് രാജകുമാരന്‍, അസിസ്റന്റ് ഗവര്‍ണര്‍ ജലവി ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ എന്നിവര്‍ ദമാമിലെ ഖുര്‍നാത്തയില്‍ നടന്ന ഈദുഗാഹില്‍ പങ്കെടുത്തു.

സൌദിയിലെ നൂറുകണക്കിന് വരുന്ന ഇതര പള്ളികളിലും പെരുന്നാള്‍ നിസ്കാരം നടന്നു. ഒരു മാസത്തോളം വൃതശുദ്ധിയില്‍ വീണ്െടടുത്ത വിശ്വാസം മുറുകെ പിടിച്ച് ജീവിക്കാന്‍ ഖതീബുമാര്‍ പെരുന്നാള്‍ ഖുതുബകളില ആഹ്വാനം ചെയ്തു.

ഇസ്രായിലിന്റെ കൊടും ക്രൂരതയില്‍ ഗാസയിലും മറ്റും ദുരിത മനുഭവിക്കുന്ന ജനതക്കുവേണ്ടി ഖുതുബയില്‍ പ്രാര്‍ഥനകള്‍ നടന്നു.

സൌദിയിലെങ്ങും വിപുലമായ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കാണ് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. കിഴക്കന്‍ പ്രവിശ്യയില് ദമാം, അല്‍കോബാര്‍, ഖതീഫ്, ജുബൈല്‍, ഹഫര്‍ ബാതിന്‍ തുടങ്ങിയ സ്ഥലങ്ങളിലല്ലാം ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദമാം കോര്‍ണിഷില്‍ ഇന്ന് 10 ന് കരിമരുന്ന് പരിപാടിയുണ്ട്.

റിയാദില്‍ ഹെലികോപ്റ്ററുകളുടേയും സൈനിക വിമനങ്ങളുടേയും അഭ്യാസ പ്രകടനം ഇപ്രാവശ്യത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം