മെല്‍ബണില്‍ നോമ്പുതുറയും ഇഫ്ത്താറും നടത്തി
Monday, July 28, 2014 4:43 AM IST
മെല്‍ബണ്‍: ത്യാഗത്തിന്റെയും ക്ഷമയുടെയും നാളുകളടങ്ങിയ പുണ്യവൃതമാസത്തില്‍ മെല്‍ബണില്‍ ഒരു പുതുമയാര്‍ന്ന നോമ്പുതുറയും ഇഫ്താര്‍ സംഗമവും നടന്നു. വിവിധ മത വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മലയാളി ഇസ് ലാമിക് അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ ഒരു വേറിട്ട അനുഭവമായി.

ഖുറാന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മറ്റുള്ളവരെ ബഹുമാനിച്ച് ത്യാഗത്തിന്റെ നിമിഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എല്ലാവരും തയാറായാല്‍ മനസില്‍ ഇഫ്താര്‍ വിരിയുമെന്ന് റംസാന്‍ സന്ദേശം നല്‍കി ജോസ് എം. ജോര്‍ജ് പറഞ്ഞു. സൌദിയിലായിരുന്നപ്പോള്‍ നോമ്പു നോക്കിയിരുന്ന കാലവും അദ്ദേഹം അനുസ്മരിച്ചു.

നോമ്പു മുറിക്കലും പ്രാര്‍ഥനയും തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു. ചടങ്ങില്‍ വിവിധ മതനേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. വിവിധ മേഖലകളില്‍നിന്ന് ഒമര്‍ മര്‍സൂക്ക്, ശ്രീകുമാര്‍, അശോക് മാത്യു, തോമസ് ജോസഫ്, തിരുവല്ലം ഭാസി, ഡോ. സനോജ്, അഫ്സല്‍, ജിം ജസ്പര്‍, അഹ്ദുള്‍ ജാഫര്‍ ഹഫീസ്, സജി മുണ്ടയ്ക്കല്‍, കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.