ഫ്ളോറല്‍ പാര്‍ക്കില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Monday, July 28, 2014 4:40 AM IST
ഫ്ളോറല്‍പാര്‍ക്ക്: ന്യൂയോര്‍ക്ക് ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ദി സ്നോസ് റോമന്‍ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ഇടവകയില്‍ ഇത് നാലാം തവണയാണ് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചത്. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചശേഷം തിരുനാള്‍ ആഘോഷിച്ച ഇന്ത്യയ്ക്കു വെളിയിലെ ആദ്യത്തെ സാര്‍വത്രിക സഭാ ഇടവകയാണ് ഫ്ളോറല്‍ പാര്‍ക്ക് ഔവര്‍ ലേഡി ഓഫ് ദി സ്നോസ്. ആത്മീയ, സാമൂഹിക തലങ്ങളില്‍ ആഴത്തിലും വിസ്തൃതിയിലും സജീവമായ ഇടവകയുടെ എല്ലാ തലങ്ങളിലും മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

ഫാ. കെവിന്‍ മ്ക് ബ്രയന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയാണ് ഒരുക്കങ്ങള്‍ നടത്തിയത്. തിരുനാളിന് മുന്നോടിയായി ഒമ്പതു ദിവസത്തെ നൊവേന നടന്നു. തിരുനാളിനോടനുബന്ധിച്ചു നടന്ന സമൂഹബലിയില്‍ ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍ പ്രഭാഷണം നടത്തി. അല്‍ഫോന്‍സാമ്മയെ പരിചയപ്പെടുത്തുന്നതിനും ആത്മീയ ഉള്‍ക്കാഴ്ച നല്‍കുന്നതിനും പ്രഭാഷണം സഹായകമായി.

നൊവേന, ആരാധന, തിരുശേഷിപ്പ് ചുംബനം, നേര്‍ച്ച വിതരണം എന്നിവയ്ക്കുശേഷം ആഘോഷമായ പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും നടത്തി.

ഫാ. ജെറെമി കനറ, റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫാ. റെയ്മോണ്ട് നസീനോ, ഫാ. വിന്‍സന്‍ കുരുട്ടുപറമ്പില്‍, ഫാ. ജോണി ചെങ്ങാലന്‍ എന്നീ വൈദികര്‍ സമൂഹബലിയില്‍ കാര്‍മികരായിരുന്നു. ലിസാ കൊല്ലിയും അലോഷ്യസ് ആറുകാട്ടിലും ക്വയറിന് നേതൃത്വം നല്‍കി.

പൌരസ്ത്യസഭകളുടെ ആരാധനാലയങ്ങളുടെ സംസ്ഥാപനശേഷം മലയാളി കത്തോലിക്കാ സമൂഹത്തില്‍ ദൃശ്യമായ വിഭാജ്യത സമൂഹികമായ ഉദ്ഗ്രഥനത്തെ ബാധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ആരാധനാലങ്ങളുടെ വ്യത്യാസങ്ങളില്ലാതെ കത്തോലിക്കര്‍ എന്ന നിലയില്‍ 650ഓളം വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്തു.

വിശുദ്ധ അല്‍ഫോന്‍സാമ്മയോടെ കാണിച്ച ഭക്തിയെ ഫാ. കെവിന്‍ മ്ക് ബ്രയന്‍ പുകഴ്ത്തി. തിരുനാളിന് മുന്‍കൈ എടുത്ത ഫിലോമിന ജോര്‍ജിനെയും വൈററി മേനാറ്റൂരിനെയും അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍