ഓക്ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Monday, July 28, 2014 4:39 AM IST
ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ജൂലൈ 27ന് (ഞായര്‍) എല്ലസ്ലി കത്തോലിക്കാ പള്ളിയിലാണ് തിരുനാള്‍ ആഘോഷിച്ചത്. വൈകുന്നേരം 4.30ന് ഓക്ലാന്‍ഡ് സീറോ മലബാര്‍ മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും തിരുശേഷിപ്പും വെഞ്ചരിച്ച് ചടങ്ങുകള്‍ തുടക്കം കുറിച്ചു. തുടര്‍ന്നുനടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ സിഎസ്എസ്ആര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

അല്‍ഫോന്‍സാമ്മയുടെ സഹന ജീവിത മാതൃക പിന്‍ചെന്ന് വിശുദ്ധിയിലേയ്ക്കുള്ള വഴിയിലൂടെ മുന്നേറുവാന്‍ ഫാ. ജോയി പ്രസംഗമധ്യേ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. കുടര്‍ബാനയ്ക്കുശേഷം നൊവേനയും തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു. എഴുന്നൂറോളം പേര്‍ പങ്കെടുത്തു.

പാരിഷ് കൌണ്‍സില്‍ അംഗങ്ങളും സണ്‍ഡേ സ്കൂള്‍ അധ്യാപകരും കുടുംബയൂണിറ്റ് ഭാരവാഹികളും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള സണ്‍ഡേ സ്കൂള്‍ ബൈബിള്‍ ക്വിസ് ഫൈനല്‍ റൌണ്ട് ഓഗസ്റ് 10ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. മുഴുവന്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളും മാതാപിതാക്കളും പങ്കെടുക്കണമെന്ന് ഫാ. ജോയി അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഉച്ചകഴിഞ്ഞ് മൂന്നിനു തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടം