ലൈല അഫ്ലാജ് കെഎംസിസി രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കും
Monday, July 28, 2014 4:36 AM IST
റിയാദ്: കെഎംസിസി ലൈല അഫ്ലാജ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി രണ്ടു വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചു. ഏഴു ലക്ഷം രൂപയാണ് ഒരു വീടിനായുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു വീടുകള്‍ക്ക് 14 ലക്ഷം രൂപയും ആതുര ചികിത്സ, വിവാഹ സഹായമായി അഞ്ച് ലക്ഷം രൂപയുടയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് മുഹമ്മദ് രാജയുടെ അധ്യക്ഷതയില്‍ കൂടിയ സെന്‍ട്രല്‍ കമ്മിറ്റി യോഗം രൂപം നല്‍കി.

വിവാഹം, ചികിത്സ, വീട് റിപ്പയറിംഗ് എന്നിവയ്ക്കായി കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സി.എം നാസര്‍ കൊടുവള്ളി അവതരിപ്പിച്ചു. കെഎംസിസി അഫ്ലാജില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മുഹമ്മദ് രാജ ആലപ്പുഴ, എ.ടി.എ റസാഖ്, അഷ്റഫ് പന്നൂര്‍ അബായ, എം. മരക്കാര്‍, അന്‍വര്‍ സാദത്ത്, ജാബിര്‍ നേതൃത്വം നല്‍കി. കമ്മിറ്റിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി അസ്കര്‍ മഞ്ചേരിയെ തെരഞ്ഞെടുത്തു. അഷ്റഫ് ദാരിമി, ഹുസൈന്‍ പന്നൂര്‍ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. സി.എം നാസര്‍ സ്വാഗതം പറഞ്ഞു.

പെരുന്നാള്‍ ദിനത്തില്‍ അഫ്ലാജില്‍ സംഘടിപ്പിക്കുന്ന ഈദ് മീറ്റില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാക്കളും മത,സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍