ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Monday, July 28, 2014 1:31 AM IST
ഫിലാഡല്‍ഫിയ: സീറോ മലബാര്‍ സഭയുടെ അനുഗൃഹീത പുണ്യവതിയും,സഹനത്തിലൂടെ സ്വയം എരിഞ്ഞുതീര്‍ന്ന് സ്വര്‍ഗീയമദ്ധ്യസ്ഥയായി മാറിയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂലൈ 27 ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ എന്നിവര്‍ കാര്‍മ്മികരായുള്ള ദിവ്യബലിയര്‍പ്പണം, ലദീഞ്ഞ്, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, അല്‍ഫോന്‍സാമ്മയുടെ രൂപം വണങ്ങി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കല്‍ എന്നിവ തിരുനാളിന്റെ മോടിയ്ക്ക് മാറ്റു കൂട്ടി.

സെന്റ് അല്‍ഫോന്‍സാ വാര്‍ഡിലെ കുടുംബങ്ങളായിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ് പ്രസിഡന്റ് ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് റോസമ്മ തറക്കുന്നേല്‍, സെക്രട്ടറി ലിസി റോയി, ട്രഷറര്‍ സാജു പോള്‍ എന്നിവര്‍ പാരിഷ്കൌണ്‍സില്‍, ഭക്തസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തിരുനാള്‍ കാര്യങ്ങള്‍ ഭംഗിയായി ക്രമീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍