രണ്ടര വര്‍ഷം മുമ്പ് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്െടത്തി
Saturday, July 26, 2014 8:09 AM IST
റിയാദ്: രണ്ടര വര്‍ഷം മുമ്പ് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം ദവാദ്മി ജനറല്‍ ആശുപത്രിയില്‍ കണ്െടത്തി. ഉത്തര്‍പ്രദേശ് സ്വദേശി സൈഫ് അഹമദ് (32) ന്റെ മൃതദേഹമാണ് 15 ദിവസം മുമ്പ് കണ്െടത്തിയത്. അജ്ഞാത മൃതദേഹമായി രണ്ടര വര്‍ഷമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. റിയാദ് പോലീസ് ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

സൈഫ് അഹമ്മദിനെ കാണാതായതായി അദ്ദേഹത്തിന്റെ അല്‍ഖര്‍ജിലുളള ബന്ധുക്കള്‍ എംബസിയില്‍ രണ്ട് വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നു. 2011 ല്‍ വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ സൈഫ് ഉംറ നിര്‍വഹിക്കാനായി മക്കയില്‍ പോയി മടങ്ങി വരവേ ഹുമയാത്തില്‍ അപകടത്തില്‍ മരിച്ചുവെന്നാണ് പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. വാഹനാപകടത്തില്‍ സ്വദേശികളും പാക്കിസ്ഥാനികളും മരിച്ചിരുന്നു. എന്നാല്‍ സൈഫ് അഹമദിനെ തിരിച്ചറിയാന്‍ കഴിയാതെ വന്നതിനാല്‍ ദവാദ്മി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

ഇന്ത്യക്കാരന്റെ അജ്ഞാത മൃതദേഹമായതിനാല്‍ അവസാന ശ്രമം എന്ന നിലയില്‍ ദവാദ്മി പോലീസ് വിദേശകാര്യ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും വിവരം നല്‍കി. തുടര്‍ന്നാണ് റിയാദ് പ്രവിശ്യാ പോലീസ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നത്. എംബസിയുടെ നിര്‍ദേശമനുസരിച്ച് നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് സ്പോണ്‍സറെ ബന്ധപ്പെട്ടു. പാസ്പോര്‍ട്ട് നമ്പര്‍ ലഭ്യമായതോടെ സൈഫിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയം വഴി ഉത്തര്‍ പ്രദേശ് പോലീസിന്റെ സഹായത്തോടെ കുടുംബത്തെ കണ്െടത്തുകയായിരുന്നു.

ഉംറ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയില്‍ സൈഫ് അഹമ്മദ് അല്‍ഖര്‍ജിലുളള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടുകയും വാഹനത്തില്‍ സൌദികളും പാക്കിസ്ഥാനികളും ഉളളതായി അറിയിക്കുകയും ചെയ്തിരുന്നു. നാലോ അഞ്ചോ മണിക്കൂറിനകം റിയാദിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയും പ്രകടിപ്പിച്ചിരുന്നു. അതുകഴിഞ്ഞാകാം അപകടം നടന്നതെന്നാണ് അനുമാനിക്കുന്നത്.

ബന്ധുക്കള്‍ മക്ക, ജിദ്ദ എന്നിവിടങ്ങളിലെ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും അന്വേഷണം നടത്തി നിരാശരായി കഴിയുന്നതിനിടയിലാണ് മൃതദേഹം കണ്െടത്തിയ വിവരം അറിയുന്നത്. വീട്ടുകാരുടെ അഭ്യര്‍ഥന പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ശിഹാബ് കൊട്ടുകാട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍