പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി
Saturday, July 26, 2014 8:08 AM IST
ദമാം: ലോകത്ത് നിലവിലുള്ള സമസ്ത മനുഷ്യാവകാശ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ട് പാലസ്തീന്‍ ജനതയുടെമേല്‍ കിരാത ആക്രമണം നടത്തുന്ന ഇസ്രയേല്‍ ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരെ പ്രതിഷേധിച്ചും നിരാലംബരായ പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ഒഐസിസി ദമാം റീജിയണല്‍ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. വിശുദ്ധമായ വ്രതാനുഷ്ടാന മാസത്തില്‍പോലും ഒരു ജനതയുടെമേല്‍ ഏകപക്ഷീയമായി മൃഗസമാനമായ ആക്രമണവുമായാണ് ഇസ്രയേല്‍ മുന്നോട്ട്പോകുന്നതെന്ന് സമ്മേളനം വിലയിരുത്തി.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിയമനിര്‍മാണ സഭയുടെ സമ്മേളന കാലഘട്ടത്തിലായിരുന്നെങ്കില്‍കൂടിയും ഗൌരവപരമായ ഒരു നിലപാടെടുക്കുവാന്‍ കഴിയാതെ പോയതില്‍ ഐക്യദാര്‍ഡ്യ സമ്മേളനം ആശ്ചര്യം രേഖപ്പെടുത്തി. വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പാക്കിസ്ഥാനില്‍ ശബ്ദമുയര്‍ത്തിയ മലാല യൂസഫിനെ മാലാഖ സമാനമായി ലോക ജനതയുടെ മുന്നില്‍ അവതരിപ്പിച്ച പാശ്ചാത്യ സാമ്രാജിത്വ ശക്തികള്‍ ഇവിടെ നിരാലംബരായ പലസ്തീന്‍ ബാല്യങ്ങളെ കൂട്ടക്കുരുതി ചെയ്യുന്നതിന് കൂട്ടുനില്‍ക്കുന്നുവെന്നത് വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ വിരോധാഭാസമാണെന്നും അത് നാം തിരിച്ചരിയണമെന്നും ഐക്യദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗം അഡ്വ. കെ.വൈ. സുധീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ദമാം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ് റമദാന്‍ സന്ദേശവും സാമൂഹിക പ്രര്‍ത്തകന്‍ ഷാജി മതിലകം ഐക്യദാര്‍ഡ്യ സമ്മേളനത്തിന് ആശംസകളും നേര്‍ന്നു. ഒഐസിസിയുടെ റീജിയണല്‍ കമ്മിറ്റി നേതാക്കളും വിവിധ ജില്ലാ, ഏരിയ കമ്മിറ്റി പ്രതിനിധികളും പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും തുടര്‍ന്ന് നടന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനത്തിലും പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ശ്യാം പ്രകാശ് സ്വാഗതവും ജനറല്‍ സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു. രമേശ് പാലക്കാട്, മമ്മൂട്ടി പട്ടാമ്പി, രമേശ് പാകത്ത്, ദിവ്യ പ്രകാശ്, മുസ്തഫ പട്ടാമ്പി, ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം