ആര്‍സിസിയില്‍ റിലീഫ് പ്രവര്‍ത്തനങ്ങളുമായി പിആര്‍സി ശ്രദ്ധേയമായി
Saturday, July 26, 2014 8:06 AM IST
റിയാദ:് പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിആര്‍സി (പ്രവാസി റിഹാബിലിറ്റേഷന്‍ സെന്റര്‍) ഇത്തവണ റമദാന്‍ മാസത്തിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുത്തത് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ആണ്.

സംഘടനാബലം കാണിക്കാന്‍ പ്രവാസി സംഘടനകള്‍ മത്സരിച്ച് തിളക്കമുള്ള ഇഫ്താര്‍ പാര്‍ട്ടികള്‍ മത്സരിച്ച് നടത്തുമ്പോള്‍ തീര്‍ത്തും വ്യത്യസ്ഥത പുലര്‍ത്തിക്കൊണ്ട് മാറാരോഗം മൂലം അവശതയനുഭവിക്കുന്ന ആര്‍സിസിയിലെ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണത്തിനുമുള്ള പണം നല്‍കി പിആര്‍സി മാതൃകയായത്. ഓരോ വര്‍ഷവും റമദാന്‍ മാസത്തില്‍ നാട്ടില്‍ അവശതയനുഭവിക്കുന്നവര്‍ക്കിടയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനായിരിക്കും പിആര്‍സി സമയവും പണവും ചിലവഴിക്കുകയെന്ന് പിആര്‍സി പ്രസിഡന്റും ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു.

തിരുവനന്തപുരം ആര്‍സിസി അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പിആര്‍സി നല്‍കുന്ന ഒരു ദിവസത്തെ ഭക്ഷണസാധനങ്ങള്‍ക്കുള്ള പണം ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്യന് ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം ഹസന്‍ കൈമാറി. ചടങ്ങില്‍ ആര്‍സി.സി പബ്ളിക് റിലേഷന്‍ ഓഫീസര്‍ സുരേന്ദ്രന്‍ ചുനക്കര, പിആര്‍സി ഭാരവാഹികളായ കെ.എം. നൌഷാദ്, നിസാര്‍ പള്ളിക്കശേരില്‍, സി.എം ഹബീബ്, മജീദ് ചിങ്ങോലി, ജലാല്‍ മൈനാഗപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍