സ്വാന്‍സിയില്‍ മാര്‍ മാത്യു അറയ്ക്കലിന് ഉജ്ജ്വല സ്വീകരണം
Saturday, July 26, 2014 7:58 AM IST
ലണ്ടന്‍: സ്വാന്‍സിയിലെത്തിയ സിബിസിഐ അല്‍മായ കൌണ്‍സിലില്‍ അധ്യക്ഷനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിന് ഉജ്ജ്വല സ്വീകരണം നല്‍കി.

സ്വാന്‍സിയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയും ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതപ്പെട്ട ദിനമായിരുന്നു ജലൈ. ഇതാദ്യമായാണ് സീറോ മലബാര്‍ സഭയിലെ ഒരു ബിഷപ് വെയില്‍സിലെത്തി സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി സമൂഹ ബലിയര്‍പ്പിച്ചത്.

സമൂഹബലിയിലേക്ക് മെനീവിയ രൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സിറിള്‍ തടത്തില്‍ പിതാവിനെ സ്വാഗതം ചെയ്തു. സമൂഹബലിയില്‍ കാര്‍ഡിഫ് അതിരൂപതയിലും മെനിവിയ രൂപതയിലും സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി സേവനം ചെയ്യുന്ന എല്ലാ വൈദികരും പങ്കുചേര്‍ന്നു.

ഫാ. സിറിള്‍ തടത്തില്‍, ഫാ. ടോമി അഗസ്റിന്‍ നെല്ലുവേലില്‍, ഫാ. പയസ് അഗസ്റിന്‍ വാലുമ്മേല്‍മലയില്‍, ഫാ. ആംബ്രോസ് മാളിയേക്കല്‍, ഫാ. സജി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സമൂഹബലി മധ്യേ പിതാവ് സന്ദേശം നല്‍കി.

തുടര്‍ന്ന് പിതാവിനും സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്യനും എവനിന്റെയും സോമര്‍സെറ്റിന്റേയും പോലീസ് അഡ്വൈസറി പാനലിന്റെ വൈസ് ചെയര്‍മാന്‍ ടോം ആദിത്യയും സ്വീകരണം നല്‍കി.

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും സീറോ മലബാര്‍ കമ്യൂണിറ്റി പാരിഷ് കൌണ്‍സില്‍ അംഗവുമായ സിറിയക് പി. ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്തു. കൌണ്‍സിലര്‍ ടോം ആദിത്യ, ഫാ. ടോമി അഗസ്റിന്‍, ഫാ. ആംബ്രോസ് മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാ. സിറിള്‍ തടത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

സ്വീകരണ യോഗത്തിനുശേഷം അല്‍മായരും വൈദികരുമായും മാര്‍ അറയ്ക്കലും അഡ്വ. വി.സി സെബാസ്റ്യനും ആശയവിനിമയം നടത്തി.

ഷെവലിയര്‍ വി.സി സെബാസ്റ്യനും കൌണ്‍സിലര്‍ ടോം ആദിത്യയും ഫാ. സിറിള്‍ തടത്തിലിന്റെ സാന്നിധ്യത്തില്‍ മെനീവിയ രൂപതയുടെ ബിഷപ് ടോം തോമസുമായി കൂടിക്കാഴ്ച നടത്തുകയും ബിഷപ്പിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ബിഷപ് ക്ഷണം സ്വീകരിച്ച് അറയ്ക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന വിദ്യാഭ്യാസ, സാമൂഹ്യ പദ്ധതികള്‍ സന്ദര്‍ശിക്കും.