വര്‍ഷംമുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജോഗ് വെള്ളച്ചാട്ടം ഒരുങ്ങുന്നു
Saturday, July 26, 2014 7:27 AM IST
ബാംഗളൂര്‍: സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയായാല്‍ അധികം വൈകാതെ ജോഗ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ക്കു നുകരാനാവും. ഇതിനായി ബൃഹത്തായതും നൂതനവുമായൊരു പദ്ധതിയാണ് സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളത്. ഷിമോഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ജോഗ് വെള്ളച്ചാട്ടം രാജ്യത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ വെള്ളച്ചാട്ടമാണെങ്കിലും മണ്‍സൂണ്‍കാലത്തു മാത്രമെ ഇതിന്റെ സൌന്ദര്യം നുകരാന്‍ സഞ്ചാരികള്‍ക്കാകുന്നുള്ളൂ. ഇതിനു പരിഹാരമായാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ശരാവതി നദിയില്‍നിന്നും വെള്ളം പമ്പു ചെയ്ത് 1000 മീറ്ററോളം ഉയരമുള്ള വെള്ളച്ചാട്ടത്തിനു മുകളിലെ സംഭരണിയില്‍ ശേഖരിച്ച ശേഷം വീണ്ടും തുറന്നു വിടുന്നതാണ് പദ്ധതി. ഇതിനു പുറമെ വാരാന്ത്യത്തിലും അവധിദിവസങ്ങളിലും തൊട്ടടുത്തുള്ള ലിംഹാനാമാക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്െടന്ന് ജോഗ് മാനേജ്മെന്റ് അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെള്ളച്ചാട്ടത്തിനു താഴെയായാണ് വെള്ളം പമ്പു ചെയ്യുന്നതിനായി കൂറ്റന്‍ മോട്ടോര്‍ സ്ഥാപിക്കുന്നത്. സ്വകാര്യപങ്കാളിത്തത്തോടെയാണ് പദ്ധതി സ്ഥാപിക്കുന്നതെന്ന് കര്‍ണാടക പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. പദ്ധതി സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി വരികയാണെന്നും കെപിസിഎല്‍ വ്യക്തമാക്കി.

മണ്‍സൂണ്‍ ശക്തമായതോടെ വെള്ളച്ചാട്ടം ഇപ്പോള്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്നുണ്ട്. രാത്രി ഏഴിനും ഒന്‍പതിനുമിടയില്‍ ലേസര്‍ ലൈറ്റ് ഷോയും മ്യൂസിക്കല്‍ ഫൌണ്ടിനും സജ്ജമാക്കിയിട്ടുണ്ട്.