അബുദാബിയില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായിരുന്ന ഷിജു മോചിതനായി
Thursday, July 24, 2014 9:41 AM IST
അബുദാബി: അബുദാബിയില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായിരുന്ന ഷിജു മോചിതനായി. മയക്കു മരുന്ന് കടത്ത് മാഫിയയുടെ ചതിയില്‍ പെട്ട് അബുദാബിയിലെ ജയിലിലായ ഷിജുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലോടെയാണ് ഷിജുവിന് മോചനം സാധ്യമായത്. മോചനം സാധ്യമായെങ്കിലും നിയമനടപടികള്‍ പൂര്‍ത്തിയായശേഷം മാത്രമേ ഷിജുവിന് നാട്ടിലെത്താന്‍ കഴിയൂ.

ബന്ധുവിനു കൈമാറാനുള്ള പുസ്തകം എന്നു പറഞ്ഞ് ഷിജുവിന്റെ കൈവശം സ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡി മയക്കുമരുന്ന് ഒളിപ്പിച്ച പാഴ്സല്‍ കൊടുത്തുവിട്ടത്് ചേരാനല്ലൂര്‍ എടയംകുന്നം മാതിരപ്പിള്ളി വീട്ടില്‍ അമല്‍(21) ആയിരുന്നു. കഴിഞ്ഞ ജൂണ്‍ 18 ന് അബുദാബി വിമാനത്താവളത്തില്‍ വച്ച് പോലീസ് ഷിജുവിനെ മയക്കുമരുന്നുമായി അറസ്റ് ചെയ്യുകയായിരുന്നു. ഷിജുവിന് അബുദാബിയില്‍ ജോലി കിട്ടിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. പിതാവ് തോമസ് മരിച്ചതിനെ തുടര്‍ന്നാണ് ഷിജു ഏതാനും ദിവസത്തേയ്ക്കായി നാട്ടിലെത്തിയത്. പിതാവിന്റെ സംസ്കാരം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ചതി സുഹൃത്തിന്റെ രൂപത്തില്‍ വീട്ടിലെത്തിയത്. അമലിന്റെ ബന്ധു ആലുവ പുതുശേരി സാരംഗ് തോമസിന് കൈമാറാനാണ് ഷിജുവിന്റെ കൈവശം മയക്കുമരുന്ന് കൊടുത്തയച്ചിരുന്നത്. ഷിജുവിനെ പോലീസ് പിടികൂടിയ വിവരമറിഞ്ഞ സാംരംഗ് അവിടെ നിന്നു മുങ്ങുകയായിരുന്നു.

ഷിജുവിനെ പോലെ തന്നെ ചതിയില്‍പെട്ട് ജയിലിലായ യുവാവിന് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മീനാപ്പീസിലെ അബൂബക്കറിന്റെയും കുഞ്ഞാസ്യയുടെയും മകന്‍ ചേലക്കാടത്ത് റാഷിദിനാണ് (25)കഴിഞ്ഞ ദിവസം കുവൈറ്റിലെ കോടതി ജാമ്യം നല്‍കിയത്. റാഷിദിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. തന്നെ ചതിവില്‍ പെടുത്തിയതാണെന്ന റാഷിദിന്റെ മൊഴി മുഖവിലയ്ക്കെടുത്താണ് കോടതി ജാമ്യം നല്‍കിയത്. റാഷിദിന് വന്‍ തുക ജാമ്യത്തുകയായി കെട്ടിവച്ചതും സുഹൃത്തുക്കള്‍ തന്നെയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷിജുവിനേയും റാഷിദിനേയും കൂടാതെ നിരവധി മലയാളികള്‍ മയക്കുമരുന്ന് കടത്തു കേസില്‍പെട്ട് ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ മിക്കവരും നിരപരാധികളാണ്. എന്നാല്‍ കോടതികളില്‍ വാദിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താനോ എംബസിയില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താനോ കഴിയാത്തതു കൊണ്ട് പലരുടേയും ജീവിതം വഴിമുട്ടുകയാണ്.