ശിവസേനാ ഗുണ്ടായിസം മതേതര ഇന്ത്യക്ക് അപമാനം: കെഎംസിസി
Thursday, July 24, 2014 9:23 AM IST
റിയാദ്: രാജ്യത്ത് അധികാരം കിൈല്‍ വന്നു എന്ന തിണ്ണബലത്തില്‍ ഏതാനും ശിവസേന പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്ന് ഒരു ന്യൂനപക്ഷ സാമുദായംഗത്തിന്റെ വിശ്വാസ ആചാരങ്ങളെ പരസ്യമായി ചവിട്ടി മെതിച്ച സംഭവം ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ അഭിമാനത്തിനേറ്റ കളങ്കമാണെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പിടി മുഹമ്മദും ആക്ടിംഗ് സെക്രട്ടറി റഫീഖ് പാറക്കലും അഭിപ്രായപ്പെട്ടു.

ഇത്തരം പ്രവൃത്തികളെ അര്‍ഹിക്കുന്ന ഗൌരവത്തോടെ രാജ്യം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയുടെ തകര്‍ച്ചയിലായിരിക്കും അത് ചെന്നെത്തുക. ചപ്പാത്തിക്ക് രുചി കുറഞ്ഞാല്‍ അത് ഉണ്ടാക്കാന്‍ മേല്‍നോട്ടം വഹിച്ച ആളുടെ വായിലേക്ക് പരസ്യമായി കുത്തിക്കയറ്റുന്ന ക്രിമിനലുകള്‍ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ അംഗങ്ങളാണ് എന്നത് സംഭവത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. മാത്രമല്ല ദളിതുകളും മതന്യൂനപക്ഷങ്ങളും രണ്ടാംതരം പൌരന്മാരാണ് എന്ന ഫാസിസ്റ് മനോഭാവത്തിന്റെ പ്രകടനം കൂടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൈയൂക്ക് കൊണ്ട് ഭയപ്പെടുത്തി അരക്ഷിത ബോധത്തില്‍ വഴിനടത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഭരണവര്‍ഗത്തിന്റെ ഇത്തരം ഗുണ്ടായിസങ്ങളെ രാജ്യത്തെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനസമൂഹം ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും. സ്വേഛാധിപതികള്‍ വാഴുന്ന കമ്യൂണിസ്റ് ചൈന പോലുള്ള രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങളെ ബലം പ്രയോഗിച്ചു അവരുടെ വിശ്വാസ ആചാരങ്ങളില്‍നിന്ന് തടയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു, ഇതിനേക്കാള്‍ നീചമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ പോലെ ഒരു രാജ്യത്തുനിന്നും ലോകം കേള്‍ക്കുന്നു എന്നത് അത്യന്തം അപമാനകരമാണെന്നും കെഎംസിസി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍