അല്‍ഖര്‍ജ് ഹരീഖില്‍ കേളി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു
Thursday, July 24, 2014 9:22 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദി അല്‍ഖര്‍ജ് ഏരിയയിലെ ഹരീഖ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമത്തില്‍ ഹരീഖ് അമീര്‍ മുഹമ്മദ് അബ്ദുള്‍ അസീസ് അല്‍തക്കീബ്, മതകാര്യവകുപ്പ് മേധാവി അബ്ദുള്‍ അസീസ് നാസര്‍ അല്‍ ഒതൈബി, ഹരീഖിലെ സ്വദേശി പൌരപ്രമുഖരായ ഹാദില്‍ സഹദ് അല്‍ഈസ, സൌദ് നാസര്‍ അല്‍കത്തീരി എന്നിവര്‍ വിശിഷ്ടാതിഥികളായെത്തി.

ഹരീഖ് അല്‍രാജി ബാങ്ക് ഗ്രൌണ്ടില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയില്‍ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സ്വദേശികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരുമായ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ബഹുജന പങ്കാളിത്തംകൊണ്ടും സംഘാടനമികവുകൊണ്ടും വിശിഷ്ടാതിഥികളുടെ സന്ദര്‍ശനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ജനകീയ ഇഫ്താര്‍ സംഗമത്തില്‍ ഹരീഖിലും പരിസരപ്രദേശങ്ങളിലുമുള്ള തൊഴിലാളികള്‍, കച്ചവടക്കാര്‍, സംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ പങ്കെടുത്തു. ഹരീഖ് യൂണിറ്റ് ഭാരവാഹികളായ നാസര്‍ കണിയാപുരം, സി.കെ രാജു, നവാസ് പ്രാക്കുളം, ഹംസ തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍