യുകെ സിറ്റി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ മാത്യു അറയ്ക്കലിനും വി.സി. സെബാസ്റ്യനും സ്വീകരണം നല്‍കി
Thursday, July 24, 2014 9:21 AM IST
ബ്രിസ്റ്റോള്‍: യുകെയിലെ ബ്രിസ്റോളില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്യനും ഹൃദ്യമായ വരവേല്‍പ് നല്‍കി.

ബ്രിട്ടനിലെ പ്രഭുസഭാംഗമായ ബ്രിസ്റോള്‍ ബിഷപ് റൈറ്റ് റവ.ഡോ. മൈക്ക് ഹില്‍, മേയര്‍ എമിരറ്റസ് കൌണ്‍സിലര്‍ ബ്രയിന്‍ ഹോക്കിന്‍സണ്‍, കൌണ്‍സിലര്‍ ടോം ആദിത്യ, സ്റീവ് നിക്കോളസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു,

ബ്രിസ്റോള്‍ ലോര്‍ഡ് മേയര്‍സ് ഹൌസില്‍ ബ്രിസ്റോള്‍ സിറ്റി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ അറയ്ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്റ്യനും ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. ബ്രിസ്റോള്‍ ലോര്‍ഡ് മേയര്‍ അലിസ്റര്‍ വാട്ട്സണ്‍, എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ് ലഫ്റ്റനന്റ് മേരി പ്രയര്‍, ബ്രാഡ്ലിസ്റ്റോക്ക് മേയര്‍ ജോണ്‍ ആഷ്, ബ്രിസ്റോള്‍ യൂണിവേഴ്സിറ്റി എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ.ജോണ്‍ മക്വില്യംസ്, കൌണ്‍സിലര്‍ ടോം ആദിത്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ നടക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെ കൌണ്‍സില്‍ അംഗങ്ങള്‍ പ്രശംസിച്ചു. ബ്രിസ്റോള്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആവതരിപ്പിച്ചു. കൂടുതല്‍ സാധ്യതാ പഠനങ്ങള്‍ക്കായി ബ്രിസ്റോള്‍ കൌണ്‍സിലിന്റെ പ്രതിനിധിസംഘം കേരളം സന്ദര്‍ശിക്കും.

സ്വീകരണങ്ങള്‍ക്ക് മാര്‍ മാത്യു അറയ്ക്കലും ഷെവലിയര്‍ വി.സി.സെബാസ്റ്യനും നന്ദിപറഞ്ഞു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ