വനിതാവേദി കുവൈറ്റ് 'സര്‍ഗാഞ്ജലി' സ്വാഗതസംഘമായി
Thursday, July 24, 2014 5:45 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സര്‍ഗവേദിയായ വനിതാവേദി കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്കാരികോല്‍സവമായ 'സര്‍ഗാഞ്ജലി'യുടെ വിജയത്തിന്നായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

നവംബര്‍ ഏഴിന് (വെള്ളി) ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈതാനില്‍ നടക്കുന്ന മേളയില്‍ നാട്ടിലെയും കുവൈറ്റിലെയും സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി അരങ്ങേറും. സാംസ്കാരിക മേള വഴി സ്വരൂപിക്കുന്ന തുക വനിതാവേദി നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക.

പരിപാടികളുടെ വിജയത്തിനായി വല്‍സ സ്റാന്‍ലി (പ്രോഗ്രാം കണ്‍വീനര്‍) രശ്മി സുരേഷ്, ഡോ. വാസന്തി (ജോയിന്റ് കണ്‍വീനര്‍മാര്‍) സുവനീയര്‍, കലാവിഭാഗം റാഫിള്‍, സ്വീകരണം തുടങ്ങി കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി യഥാക്രമം വത്സമ്മ ജോര്‍ജ്, ശാന്ത ആര്‍.നായര്‍, സജിത സ്കറിയ പ്രസന്ന രാമഭദ്രന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

അബാസിയ കലാ സെന്ററില്‍ ശ്യാമള നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശുഭഷൈന്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ വിജയത്തിനായി പുറത്തിറക്കിയ റാഫിള്‍ കൂപ്പണ്‍ റിലീസിംഗ് ജോണ്‍ മാത്യുവിനു നല്‍കി കണ്‍വീനര്‍ സജിത സ്കറിയ നിര്‍വഹിച്ചു. യോഗത്തിന് വത്സമ്മ ജോര്‍ജ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വല്‍സ സ്റാന്‍ലി നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍