ജര്‍മനിയില്‍ സൂപ്പര്‍ ഹൈടെക് ട്രാഫിക് കണ്‍ട്രോള്‍ കാമറ
Wednesday, July 23, 2014 8:12 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ ട്രാഫിക് സ്പീഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ സൂപ്പര്‍ ഹൈ ടെക്നിക് കണ്‍ട്രോള്‍ കാമറകള്‍ സ്ഥാപിക്കുന്നു. ഏതാണ്ട് 2,30,000 യൂറോ ഒരു സൂപ്പര്‍ ട്രാഫിക് കണ്‍ട്രോള്‍ കാമറാക്ക് വില വരും. 'ട്രാഫിസ്റ്റാര്‍ എസ് 330' എന്നറിയപ്പെടുന്ന കാമറ ബവേറിയ സംസ്ഥാനത്ത് ഓട്ടാബാന്‍ 99 ല്‍ സ്ഥാപിച്ചു.

സ്പീഡ് ലിമിറ്റ് ലംഘിച്ചാല്‍ കാമറ ഒരു ഇന്‍ഫ്രാ റെഡ് ഫ്ളാഷ് അയച്ച് വാഹനത്തിന്റേയും ഓടിക്കുന്ന ഡ്രൈവറുടെയും വ്യക്തമായ ഫോട്ടോ എടുക്കും. ഈ സൂപ്പര്‍ ഹൈടെക് കാമറ അയയ്ക്കുന്ന ഇന്‍ഫ്രാ റെഡ് ഫ്ളാഷ് സാധാരണ കണ്ണുകള്‍ക്ക് ദൃശ്യമല്ല. അതിനാല്‍ സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നത് അവര്‍ പോലും അറിയുന്നില്ല.

സൂപ്പര്‍ ഹൈടെക് കണ്‍ട്രോള്‍ കാമറകള്‍ ജര്‍മനിയില്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കുമെന്ന് ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് പറഞ്ഞു. സ്പീഡ് ലിമിറ്റ് ലംഘിക്കുന്നതുമൂലം ഉണ്ടാകുന്ന ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാനാണ് ഇത്രയധികം വിലപിടിച്ച ഹൈ ടെക്നിക് കണ്‍ട്രോള്‍ കാമറകള്‍ സ്ഥാപിക്കുന്നത്. ട്രാഫിക് ലംഘനം നടത്തുന്ന വിദേശ വാഹന ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി എടുക്കാന്‍വേണ്ട ഉടമ്പടികള്‍ പൂര്‍ത്തിയാക്കിയെന്ന് ജര്‍മന്‍ ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍