നോര്‍ത്ത് വെസ്റ്റ് കേരള സമാജത്തിന് പുതിയ ഓഫീസ്
Wednesday, July 23, 2014 7:39 AM IST
ബാംഗളൂര്‍: നോര്‍ത്ത് വെസ്റ്റ് കേരള സമാജത്തിന്റെ പുതിയ ഓഫീസ് ജാലഹള്ളി എസ്.എം. റോഡില്‍ ശാസ്താനഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്ന ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശമ്പളത്തില്‍നിന്നും എല്ലാ വര്‍ഷവും 50,000 രൂപ വീതം സമാജത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.

ബാംഗളൂരിലെ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുമെന്നും മുനിരത്ന ഉറപ്പുനല്‍കി. പ്രസിഡന്റ് ആര്‍. മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാന്‍, സെക്രട്ടറി ഇ. രഘൂത്തമന്‍, ട്രഷറര്‍ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാലഹള്ളി അയ്യപ്പ എഡ്യുക്കേഷന്‍ ട്രസ്റ് പ്രസിഡന്റ് എം. ലോകനാഥന്‍, സമാജം മുന്‍ പ്രസിഡന്റുമാരായ എം.എ. കരീം, പി.കെ.എം. കുറുപ്പ്, എസ്. ശിവരാജന്‍ തുടങ്ങി 200 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമാജത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തില്‍ വായനശാല, ലൈബ്രറി, ഓഫീസ് റൂം, ബോര്‍ഡ് റൂം, ഫംഗ്ഷന്‍ മീറ്റിംഗ് ഹാള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.