സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
Tuesday, July 22, 2014 6:08 AM IST
കുവൈറ്റ്: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിന്റെ ഈ വര്‍ഷത്തെ ദുക്റാന തിരുനാള്‍ സിറ്റി കത്തീഡ്രല്‍ ദേവാലയങ്കണത്തില്‍ ആഘോഷിച്ചു. മുഖ്യാതിഥിയായി ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍ പങ്കെടുത്തു. മാതൃസഭക്ക് എസ്എംസിഎ നല്‍കുന്ന സഹായങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും ഇവിടുത്തെ സഭാമക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുവാന്‍ സഭ ഒറ്റക്കെട്ടായി എസ്എംസിഎ യോടൊപ്പം ഉണ്െടന്നും ബിഷപ് ഉറപ്പ് നല്‍കി.

വിവിധ ഏരിയായില്‍ നിന്നുള്ള കള്‍ച്ചറല്‍ പരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകി. ഈ വര്‍ഷത്തെ ഭവന നിര്‍മാണ സഹായനിധിയുടെ ഔദ്യോഗിക രേഖകള്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിന് എസ്എംസിഎ സോഷ്യല്‍ വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ ടോമി ജേയ്ക്കബ് ഐക്കരാട്ട് നേതൃത്വം നല്‍കി.

ഈ വര്‍ഷം അധ്യയന രംഗത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികളെ മൊമെന്റോ നല്‍കി ആദരിച്ചു. എസ്എംസിഎ കുവൈറ്റിന്റെ സ്ഥാപക അംഗങ്ങളായ ജോസുകുട്ടി കൂട്ടുമ്മേല്‍, അനു ബിജോയ് കേളാമ്പറമ്പില്‍ എന്നിവരെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് ജോസുകുട്ടി കൂട്ടുമ്മേല്‍ നാട്ടിലേക്കും അനു ബിജോയ് കാനഡയിലേക്കും യാത്രയാവുകയാണ്. ഇവര്‍ സംഘടനക്ക് നല്‍കിയ സഹായങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും പ്രസിഡന്റ് അനില്‍ തൈയില്‍ പറഞ്ഞു.

ചടങ്ങുകള്‍ക്ക് പ്രസിഡന്റ് അനില്‍ തൈയില്‍ ജനറല്‍ സെക്രട്ടറി ഷാജി നാഗരൂര്‍, ട്രഷറര്‍ ഷാജിമോന്‍ മങ്കുഴിക്കരി, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ അഭിലാഷ് അരീക്കുഴി, ആര്‍ട്ട്സ് കമ്മിറ്റി മെംബര്‍ ജോര്‍ജ് കാലായില്‍ എന്നിവരും സംഘടനയുടെ മറ്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍