ഷിക്കാഗോയില്‍ സന്നദ്ധ സുവിശേഷ സംഘം ദേശീയ സമ്മേളനം ജൂലൈ 24 മുതല്‍ 27 വരെ
Tuesday, July 22, 2014 6:05 AM IST
ഷിക്കാഗോ: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ പതിനൊന്നാമത് നാഷണല്‍ കോണ്‍ഫറന്‍സ് ജൂലൈ 24 മുതല്‍ 27 വരെ നടക്കും.

ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്‍ ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം 'ഷെയര്‍ ദ വേര്‍ഡ്, സേവ് ദ വേള്‍ഡ്' എന്നതാണ്. ഷിക്കാഗോ മാര്‍ത്തോമ ദേവാലയം വേദിയാകുന്ന സമ്മേളനം ജൂലൈ 24 ന് (വ്യാഴം) വൈകിട്ട് ആരംഭിച്ച് 27 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് സമാപിക്കും. നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, മുംബൈ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് എന്നിവര്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദീകരും സഭാ വിശ്വാസികളുമായി 360 ല്‍ പരം അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഞായറാഴ്ച്ച രാവിലെ ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. ഏബ്രഹാം മാര്‍ പൌലോസ് എപ്പിസ്കോപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഷെയര്‍ ദ വേര്‍ഡ്, സേവ് ദ വേള്‍ഡ് എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയുളള പഠനങ്ങള്‍, ചര്‍ച്ചകള്‍, സിംപോസിയം, ബൈബിള്‍ ക്വിസ്, സംഗീത സന്ധ്യ, സമ്മേളന സ്മരണിക, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ് എന്നിവ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളാണ്.

ഇത് ആദ്യമായാണ് സന്നദ്ധ സുവിശേഷ സംഘം നാഷണല്‍ കോണ്‍ഫറന്‍സിന് ഷിക്കാഗോ മാര്‍ത്തോമ ദേവാലയം വേദിയാക്കുന്നത്. വളരെ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഫറന്‍സിനുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്. ഭദ്രാസന എപ്പിസ്കോപ്പാ തിയൊഡോഷ്യസ് തിരുമേനി മുഖ്യ രക്ഷാധികാരിയും ഷിക്കാഗോ മാര്‍ത്തോമ ഇടവക വികാരി ഫാ. ഡാനിയേല്‍ തോമസ് പ്രസിഡന്റുമായുളള വിവിധ സബ് കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു വരുന്നു.

കോശി വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍), ഏബ്രഹാം കെ. ഏബ്രഹാം (ഇടവക മിഷന്‍ സെക്രട്ടറി), ഫിലിപ്പ് ചെറിയാന്‍ (രജിസ്ട്രേഷന്‍), ഏബ്രഹാം ഫിലിപ്പ് (ഫുഡ്), ഐപ്പ് സി. വര്‍ഗീസ്, പരിമണം (സുവനീയര്‍), സജി കുര്യന്‍ (ട്രാന്‍സ്പോര്‍ട്ടേഷന്‍), ബെന്നി പരിമണം (വര്‍ഷിപ്പ്), ആനി വര്‍ഗീസ് (മെഡിക്കല്‍), വിനോദ് വര്‍ഗീസ് (പ്രെയര്‍സെല്‍), ബിജു ജേക്കബ്(റിസപ്ഷന്‍), ജോര്‍ജ് എം. ജോസഫ്, മാത്യു വര്‍ഗീസ് (ഫൈനാന്‍സ്) എന്നിവര്‍ വിവിധ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു.

ഷിക്കാഗോ മാര്‍ത്തോമ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി, ഇടവക മിഷന്‍ കമ്മിറ്റി എന്നിവരും കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. ചരിത്ര സ്മരണകള്‍ അന്തിയുറങ്ങുന്ന ഷിക്കാഗോയുടെ മണ്ണിലേക്ക് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഫറന്‍സ് സംഘാടക സമിതി അറിയിച്ചു. ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയാ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം