സിഡ്നിയില്‍ സിഎസ്ഐ ആരാധനയ്ക്ക് തുടക്കമായി
Tuesday, July 22, 2014 6:05 AM IST
സിഡ്നി: സിഡ്നിയിലെ സിഎസ്ഐ സഭാംഗങ്ങള്‍ ജൂലൈ 19ന് പരമാറ്റയിലുള്ള ഓള്‍ സെയിന്റ്സ് ആംഗ്ളിക്കന്‍ ദേവാലയത്തില്‍ ആദ്യ ആരാധനയ്ക്കായി ഒത്തുകൂടി.

മലയാളത്തില്‍ നടന്ന ആരാധനയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനക്ക് സിഎസ്ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ നേതൃത്വം നല്‍കി. മിഷനറി പ്രവര്‍ത്തനങ്ങളിലൂന്നിയ സഭയുടെ പാരമ്പര്യത്തെ ഉയര്‍പ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരുമേനി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

മെല്‍ബണ്‍ ഇടവക വികാരി റവ. ജോബി ജോണ്‍ ആരാധനയ്ക്ക് സഹകാര്‍മികത്വം വഹിച്ചു. ആംഗ്ളിക്കന്‍# സഭയുടെ ബിഷപ്പ് പീറ്റര്‍ ടസ്ക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ആംഗ്ളിക്കന്‍ സഭകളുമായി നൂറ്റാണ്ടുകളുമായുള്ള ബന്ധത്തെപറ്റിയും ഇപ്പോഴത്തെ കൂട്ടായ്മ ബന്ധത്തിന്റെ ഊഷ്മളതയെപ്പറ്റിയും പങ്കുവച്ചു.

ആരാധനയ്ക്കുശേഷം സിഎസ്ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട റൈറ്റ് റവ. തോമസ് കെ. ഉമ്മന് സ്വീകരണം നല്‍കി. സമ്മേളനത്തില്‍ സിഎസ്ഐ ഗായക സംഘങ്ങള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഓര്‍ത്തഡോക്സ്, യാക്കോബായ, കാത്തലിക്, മാര്‍ത്തോമ സഭകളിലെ വൈദീകരും മിനിസ്റര്‍ ജൂലി ഓവന്‍സും സന്നിഹിതരായിരുന്നു. വിവിധ പരിപാടികള്‍ക്ക് ജേക്കബ് ജോണ്‍, ബിജു കുര്യന്‍, ബിജോ തോമസ്, ബോണി, ടിമി, സുജില്‍, റോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.