മാര്‍ പോളി കണ്ണൂക്കാടന് വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ ഗംഭീര വരവേല്‍പ്പ്
Tuesday, July 22, 2014 6:01 AM IST
വിയന്ന: ഓസ്ട്രിയ സന്ദര്‍ശനത്തിനെത്തിയ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന് വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹം സ്വീകരണം നല്‍കി. ജൂലൈ 20ന് അദ്ദേഹം ഐസിസി വിയന്നയുടെ സ്റഡ്ലൌ ദേവാലയത്തില്‍ സമൂഹബലി അര്‍പ്പിച്ചു.

ഐസിസി വിയന്നയുടെ വികാരി ഡോ. ഫാ. തോമസ് താണ്ടപ്പിള്ളിയും ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലയിലും ചേര്‍ന്ന് ബിഷപ്പിനെ സ്റഡ്ലൌ ദേവാലയത്തില്‍ സ്വീകരിച്ചു. ഫ്രാന്‍സ് സ്രാമ്പിക്കല്‍, ഫ്രെഡി മാധവപ്പള്ളില്‍, ആല്‍ബിന്‍ വടക്കേച്ചിറ എന്നീ കുട്ടികള്‍ അവതരിപ്പിച്ച ചെണ്ട വാദ്യത്തോടെയാണ് ബിഷപ്പിനെ പള്ളിയിലേയ്ക്ക് ആനയിച്ചത്. വിയന്നയിലെ രണ്ടാം തലമുറയിലെ കുട്ടികള്‍ തന്നെയാണ് സമൂഹബലിയിലെ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്.

വികാരി ഫാ. തോമസ് താണ്ടപ്പിള്ളി, ഫാ. ഡേവിസ് കളപുരയ്ക്കല്‍, ഫാ. ജിജോ വാകപറമ്പില്‍, ഫാ. തോമസ് പ്രശോഭ്, ഫാ. തോമസ് വടാതുമുകളേല്‍, ഫാ. ജോസഫ് മംഗലന്‍, ഫാ. ഡൊമിനിക്ക് എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിച്ചു. കേരളത്തില്‍ നിന്നും പകര്‍ന്നു ലഭിച്ച വിശ്വാസ ദീപ്തി വിയന്നയിലെ മലയാളി വിശ്വാസികള്‍ ഇന്ത്യന്‍ കത്തോലിക്ക സമൂഹത്തിലൂടെ പ്രോജ്ജലിപ്പിക്കുന്നതില്‍ താന്‍ ഏറെ സന്തോഷിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നുവെന്ന് മാര്‍ കണ്ണൂക്കാടന്‍ സന്ദേശത്തില്‍ പറഞ്ഞു. ഇരിഞ്ഞാലക്കുടയില്‍ നിന്നും ഓസ്ട്രിയയില്‍ സേവനം അനുഷ്ഠിക്കുന്ന വൈദീകരെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.

റിപ്പോര്‍ട്ട്: ജോബി ആന്റണി