എന്റെ ഗതി എനി മറ്റൊരാള്‍ക്ക് കൂടി വരരുത് : റാഷിദ്
Tuesday, July 22, 2014 5:59 AM IST
കുവൈറ്റ്: സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് മയക്കുമരുന്ന് പൊതിയുമായി കുവൈറ്റ് വിമാനത്താവളത്തില്‍ നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായി ജയിലില്‍ കുടുങ്ങിയ റാഷിദ് ബന്ധുക്കളോ സുഹൃത്തുക്കളോ നല്‍കുന്നതെന്തായാലും പരിശോധിക്കാതെ കൊണ്ടുവരുരതെന്ന് അഭ്യര്‍ഥിച്ചു. ഒരുതെറ്റും ചെയ്യാത്ത എന്നെ സുഹൃത്ത് ചതിയില്‍പ്പെടുത്തുകയായിരുന്നു. പിതാവിനുള്ള ഗുളികകളാണെന്ന് പറഞ്ഞാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഫവാസ് വിളിച്ചേല്‍പ്പിച്ചതുപ്രകാരം മാട്ടൂല്‍ സ്വദേശി നസീം മുസ്തഫ എന്നയാള്‍ നാട്ടില്‍നിന്ന് പാര്‍സല്‍ തന്നത്.

കുവൈറ്റ് വിമാനത്താവളത്തിലെ കസ്റംസ് പരിശോധനയില്‍ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് പാര്‍സലില്‍ നിരോധിത മയക്കുമരുന്നാണെന്ന് മനസിലായത്. സുഹൃത്തായ ഫവാസ് ചതിക്കുമെന്ന് കരുതിയില്ലെന്ന് റാഷിദ് പറഞ്ഞു. തനിക്ക് ജാമ്യം ലഭിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുകയും നിരപരാധിത്തം തെളിയിക്കുന്നതിന് കൂടെ നില്‍ക്കുകയും ചെയ്യുന്ന ജനകീയ സമിതിയോട് ഏറെ കടപ്പാടുണ്െടന്ന് റാഷിദ് പറഞ്ഞു. ജയിലാലായതോടെ ജീവിതം അവസാനിച്ചു എന്ന് കരുതിയ തന്നെ പിടിച്ചുനില്‍ക്കാനും പൊരുതാനും പ്രാപ്തമാക്കിയത് ജനകീയ സമിതിയുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയാണെന്ന് റാഷിദ് കൂട്ടിച്ചേര്‍ത്തു.

രണ്ടുമാസം മുമ്പ് സഹോദരിയെ നല്ല നിലയില്‍ വിവാഹം ചെയ്ത് അയക്കാന്‍ നാട്ടിലെത്തിയ റാഷിദ് ജൂണ്‍ 24 നാണ് നാട്ടില്‍ നിന്നും മടങ്ങിയത്. ജൂണ്‍ 25 ന് കുവൈറ്റിലേക്ക് വിമാനം കയറുമ്പോള്‍ തന്നോടൊപ്പം മയക്കു മരുന്ന് ഗുളിക അടങ്ങിയ ചതിയുടെ കൂട്ടുകാരന്‍ ഉണ്െടന്ന് റാഷിദ് അറിഞ്ഞിരുന്നില്ല. വാര്‍ത്താസമ്മേളനത്തില്‍ റാഷിദിനെ കൂടാതെ ജനകീയ സമിതിയെ പ്രതിനിധാനം ചെയ്ത് അപ്സര മഹ്മൂദ്, സത്താര്‍ കുന്നില്‍ എന്നിവരും കാഞ്ഞങ്ങാട് സാധു സംരക്ഷണ സമിതി പ്രവര്‍ത്തകരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍