കോമണ്‍വെല്‍ത്ത് ഗെയിംസിന് ബാറ്റണേന്താന്‍ മലയാളിയും
Monday, July 21, 2014 8:05 AM IST
ഗ്ളാസ്ഗോ: ഗ്ളാസ്ഗോ നഗരം കോമണ്‍വെല്‍ത്ത് ലഹരിയില്‍ യുകെയിലെ മൊത്തം മലയാളി സമൂഹത്തിന് അഭിമാനമായി മാറുകയാണ് ഗ്ളാസ്ഗോയിലെ കെവിന്‍ എന്ന പതിനെട്ടുകാരന്‍. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനവേദിയില്‍ ജൂലൈ 23ന് എത്തിച്ചേരുന്ന ക്യൂന്‍സ് ബാറ്റണേന്താനുള്ള അസുലഭ ഭാഗ്യമാണ് കെവിന് കൈവന്നിരിക്കുന്നത്. ജൂണ്‍ 13നാണ് ക്യൂന്‍സ് ബാറ്റണ്‍ പ്രയാണം ആരംഭിച്ചത്.

വയനാട് ജില്ലയിലെ ചുണ്േടല്‍ എന്ന സ്ഥലത്തുള്ള മാരിയത്ത് വീട്ടില്‍ മാത്യുവിന്റെയും അല്‍ഫോന്‍സയുടേയും പുത്രനാണ് ജോണ്‍ കുര്യാക്കോസ് എന്ന കെവിന്‍. സ്കൂള്‍, കോളജ് തലങ്ങളില്‍ കായികരംഗത്ത് അറിയപ്പെടുന്ന കായികതാരമായിരുന്നു കെവിന്റെ അമ്മ അല്‍ഫോന്‍സ. സഹോദരന്‍ ജേക്കബ് കുര്യാക്കോസ് എന്ന കിരണും ജേഷ്ഠന്റെ അതേ പാതയില്‍ തന്നെയാണ്. പാരമ്പര്യവും സ്ഥിരോത്സാഹവും ഒത്തിണങ്ങിയപ്പോള്‍ കെവിന്‍ എന്ന ബാസ്ക്കറ്റ് ബോള്‍ താരത്തിന് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ക്യൂന്‍സ് ബാറ്റണേന്താനുള്ള അസുലഭ ഭാഗ്യവും തേടിയെത്തി.

അയ്യായിരത്തില്‍ അധികം വരുന്ന കുട്ടികളുടേയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടയില്‍ നടത്തിയ ഹിതപരിശോധനയിലൂടെയാണ് ക്യൂന്‍സ് ബാറ്റണേന്താനുള്ള അംഗീകാരം കെവിന് സ്വന്തമായത്.

കെവിനും കുടുംബവും 2007 മുതല്‍ ഗ്ളാസ്ഗോയിലെ ഷെട്ടില്‍സ്റണിലാണ് താമസം. ഗ്ളാസ്ഗോയിലെ കാമ്പസ് ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ഓഫ് മദര്‍മേരി മദര്‍വെല്‍ എന്ന കത്തോലിക്കാ സമൂഹത്തിന്റെയും ഷെട്ടില്‍സ്റണ്‍ പ്രയര്‍ യൂണിറ്റിന്റെയും കലാകേരളം ഗ്ളാസ്ഗോയുടെയും സജീവ പ്രവര്‍ത്തകരും കൂടിയാണ് കെവിനും കുടുംബവും.

ഗ്ളാസ്ഗോയിലെ കാരന്റയില്‍ സെന്റ് ആന്‍ഡ്രൂസ് സെക്കന്‍ഡറി സ്കൂള്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായ കെവിന്‍, പ്രൈമറി സ്കൂള്‍ തലം മുതല്‍ ബാസ്ക്കറ്റ് ബോളില്‍ മികവ് പ്രകടിപ്പിച്ചു. ഈ പ്രകടനം സ്കോട്ലാന്‍ഡ് ജൂണിയര്‍ ബാസ്കറ്റ് ബോള്‍ ടീമിലേക്ക് വഴി തുറന്നു. കൂടാതെ സ്കോട്ലാന്‍ഡിലെ പ്രശസ്തമായ ഗ്ളാസ്ഗോ റെന്‍ഫ് എന്ന ബാസ്കറ്റ് ബോള്‍ ക്ളബിന്റെ അസിസ്റന്റ് കോച്ചും കലാകേരളം ഗ്ളാസ്ഗോയുടെ ജൂണിയര്‍ സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററും കൂടിയാണ് കെവിന്‍.

റിപ്പോര്‍ട്ട്: ജിമ്മി ജോസഫ്