ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ രജതജൂബിലി ദമ്പതിമാരെ ആദരിക്കുന്നു
Monday, July 21, 2014 4:46 AM IST
ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐഎസിഎ) ആഗസ്റ് 23 ശനിയാഴ്ച്ച ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനമായി ആഘോഷിക്കുന്നു. അതോടൊപ്പം ദാമ്പത്യജീവിതത്തില്‍ ഇരുപത്തിയഞ്ചും, അതിലധികവും വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതിമാരെ ആദരിക്കുകയും ചെയ്യും. ഫിലാഡല്‍ഫിയ അതിരൂപതാ ആക്സിലിയറി ബിഷപ് അഭിവന്ദ്യ മൈക്കിള്‍ ജെ. ഫിറ്റ്സ്ജെറാള്‍ഡ് ആയിരിക്കും മുഖ്യാതിഥി.

'ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍' എന്ന ഐക്യകാഹളം മുഴക്കി ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒത്തുചേര്‍ന്ന് നടത്തുന്ന ഹെറിറ്റേജ് ഡേ അഘോഷങ്ങളും സില്‍വര്‍ ജൂബിലി ദമ്പതികളെ ആദരിക്കുന്ന ചടങ്ങും ആയിരിക്കും ഈ വര്‍ഷത്തെ സംയുക്ത ആഘോഷങ്ങളുടെ ഹൈലൈറ്റ്സ്. ഓരോ സമുദായത്തിന്റെയും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ മാനിച്ചുകൊണ്ട് തനതായ പൈതൃകവും, പാരമ്പര്യങ്ങളും വരുംതലമുറക്ക് പകര്‍ന്നുനല്‍കുന്നതിനുവേണ്ടിയാണ് വര്‍ഷത്തിലൊരിക്കല്‍ ഹെറിറ്റേജ് ദിനമായി ആഘോഷിക്കുന്നത്. വ്യത്യസ്തരായിക്കൊണ്ടുതന്നെ ഏകരാക്കുന്നതിനും, അങ്ങനെ ആര്‍ഷഭാരത സംസ്കാരത്തിന്റെ അന്തസത്തയായ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്നതിനും സംഘാടകര്‍ ശ്രമിക്കുന്നു.

അമേരിക്കയിലേയ്ക്കുള്ള മലയാളി കുടിയേറ്റം ആരംഭിച്ച 1960 കളിലും എഴുപതുകളിലും വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച സീറോ മലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. രണ്ടു മൂന്നു ദശാബ്ദക്കാലം യാതനകള്‍ സഹിച്ച് പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്ത് ജോലിചെയ്ത് കുടുംബത്തെ മുഴുവന്‍ കരകയറ്റിയ ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ലൈഫ് നയിക്കുന്നവരാണ്. അവരെ സമൂഹത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരുന്നതിനും, അവരനുഭവിച്ച കഷ്ഠതകള്‍ പിന്നീടു വന്നവര്‍ക്ക് മനസിലാക്കികൊടുക്കുന്നതിനും ഉദ്ദേശിച്ചാണ് സീനിയര്‍ കപ്പിള്‍സിനെ ആദരിക്കുന്നത്. അവര്‍ സ്വകുടുംബങ്ങള്‍ക്കും, സമൂഹത്തിനും ചെയ്തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കാകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടിതിന്.

ഓഗസ്റ് 23 ശനിയാഴ്ച്ച വൈകുന്നേരം നാലര മണിമുതല്‍ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. ജൂബിലി ദമ്പതിമാര്‍ രണ്ടുലൈനിലായി പ്രദക്ഷിണമായി ദിവ്യബലിയര്‍പ്പണത്തിനു ബിഷപ്പിനും, സഹകാര്‍മ്മികര്‍ക്കുമൊപ്പം മദ് ഹയിലേക്ക് ആനയിക്കപ്പെടും.

അഞ്ചു മണിക്ക് ഫിലാഡല്‍ഫിയാ അതിരൂപതാ ആക്സിലിയറി ബിഷപ് മൈക്കിള്‍ ജെ. ഫിറ്റ്സ്ജെറാള്‍ഡ് മുഖ്യകാര്‍മ്മികനായി താങ്ക്സ് ഗിവിംഗ് മാസ്. സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍, ക്നാനായകത്തോലിക്കാ സഭകളിലെ നിരവധി വൈദികരും സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് ബാങ്ക്വറ്റ്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരിയും, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ റവ. ഫാ. ജോണിക്കുട്ടി പുലിശേരി, സെന്റ് ജൂഡ് സീറോമലങ്കര ഇടവക വികാരി റവ. ഫാ. തോമസ് മലയില്‍, സെ. ജോണ്‍ ന}മാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. രാജു പിള്ള, റവ. ഫാ. ഷാജി സില്‍വ എന്നീ ആദ്ധ്യാത്മികാചാര്യന്മാര്‍ ആഘോഷപരിപാടികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം നേതൃത്വം നല്‍ക്കും.

1978 ല്‍ ചെറിയരീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഇന്ന് വളര്‍ന്ന് പന്തലിച്ച് 800 ല്‍ പരം കത്തോലിക്കാ കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഒരു അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ എന്നരീതിയില്‍ സേവനം അനുഷ്ഠിക്കുന്നു. വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ ഉള്‍പ്പെടുന്ന സീറോമലബാര്‍, സീറോമലങ്കര, ലാറ്റിന്‍, ക്നാനായ സമുദായങ്ങളിലെ എല്ലാ കുടുംബങ്ങളും ഇതില്‍ അംഗങ്ങളാണ്. ഓഗസ്റ് 23 ശനിയാഴ്ച്ച നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിലും, ദമ്പതിമാരെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു അതൊരു കൂട്ടായ്മയുടെ പ്രതീകമായി മാറ്റുവാന്‍ എല്ലാ രജതജൂബിലി ദമ്പതിമാരെയും, കുടുംബാംഗങ്ങളെയും, കത്തോലിക്കാവിശ്വാസികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍