'ഷേഖ് സായിദ് ലോകജനതയെ ഒരുപോലെ കണ്ട മനുഷ്യസ്നേഹി'
Saturday, July 19, 2014 8:39 AM IST
അബുദാബി: അതിര്‍വരമ്പുകളില്ലാതെ ലോകജനതയെ ഒരുപോലെ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായിരുന്നു യുഎഇ രാഷ്ട്രപിതാവ് ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഡോ. ഷൈഖ് അല്‍ മസ്കറി അഭിപ്രായപ്പെട്ടു.

ഷേഖ് സായിദിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'ട്രൈബൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍' എന്ന പേരില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ലോകത്ത് ഒരുപാട് ഭരണാധികാരികള്‍ ഉണ്ടായിട്ടുണ്െട ങ്കിലും അവരില്‍ രാഷ്ട്രപിതാവായി മാറിയവര്‍ വിരലിലെണ്ണാവുന്നവരാണെന്നും അവരില്‍ ഒരാളാണ് പ്രായഭേദവ്യത്യാസമില്ലാതെ എല്ലാവരും 'ബാബാ സായിദ്' എന്ന് സ്നേഹപൂര്‍വം വിളിച്ചുപോരുന്ന ഷേഖ് സായിദ് എന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു.

വരണ്ടുകിടന്നിരുന്ന ഒരു മണല്‍പരപ്പില്‍ നിന്ന് ഒരു രാഷ്ട്രത്തിനു പിറവി നല്‍കുകയും പരിമിതമായ സൌകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു കൊച്ചു നാടിനെ ലോകത്തിലെ വികസിത രാഷ്ട്രങ്ങളുടെ നെറുകയിലെത്തിക്കുകയും ചെയ്ത സായിദ് കുട്ടികളെ അങ്ങേയറ്റം സ്നേഹിക്കുകയും യുവാക്കളാണ് രാഷ്ട്രത്തിന്റെ സ്വത്ത് എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു.

മൂര്‍ത്തമായ മാനുഷിക മൂല്യങ്ങളുടേയും തത്വങ്ങളുടേയും അടിസ്ഥാനത്തില്‍ രൂപപെടുത്തിയ വിദേശനയവുമായി രാജ്യം ഭരിച്ചിരുന്ന ഷേഖ് സായിദ് പശ്ചിമേഷ്യയില്‍ സ്ഥിരം സമാധാനത്തിനുവേണ്ടി പരമാവധി ശ്രമിച്ചിരുന്നുവെന്ന് ഓര്‍മിപ്പിച്ച ഷേഖ് അല്‍ മസ്കറി ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമൂഹ്യ സാംസ്കാരിക സാമ്പത്തിക ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ സായിദ് വഹിച്ച പങ്ക് ലോകം നിലനില്‍ക്കുന്നിടത്തോളം പ്രശംസിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി.

കേരള സോഷ്യല്‍ സെന്ററിന്റെ പ്രത്യേകം സജ്ജമാക്കിയ ഗാലറിയില്‍ പ്രദര്‍ശിപ്പി ച്ച യുഎഇയുടെ ചരിത്രവും ഷേഖ് സായിദിന്റെ ജീവിതത്തിന്റെ അപൂര്‍വ നിമിഷങ്ങളും ഒപ്പിയെടുത്ത ഫോട്ടോകള്‍ ഷേഖ് സന്ദര്‍ശിക്കുകയും പ്രകീര്‍ ത്തിക്കുകയും ചെയ്തു.

കെഎസ്സി ബാലവേദി അവതരിപ്പിച്ച യുഎഇ ദേശഭക്തി ഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു അധ്യക്ഷത വഹി ച്ചു. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ജോ. സെക്രട്ടറി ജയപ്രകാശ്, വനിതാവിഭാഗം ജോ. കണ്‍വീനര്‍ പ്രിയ ശശിധരന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഷേഖ് സായിദിനെ കുറിച്ചുള്ള അറബിക് കവിതകള്‍ റൈന റഫീഖും ഐശ്വര്യ നാരായണനും ഇംഗ്ളീഷ് കവിതകള്‍ ഹിബ താജുദ്ദീനും ആതിര ശശീധരനും ആലപിച്ചു.

അനുസ്മരണ സമ്മേളനത്തിന്റെ മുന്നോടിയായി ഷേഖ് സായിദിനെകുറിച്ചുള്ള ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഷേഖ് സായിദ് അനുസ്മരണ പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഡോ. ഷൈഖ അല്‍ മസ്കറി ഈന്തപഴവും മധുരവും നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള