ബ്രാംപ്ടണ്‍ മലയാളി സമാജം ജോണ്‍ പി. ജോണിന് സ്വീകരണം നല്‍കി
Friday, July 18, 2014 7:45 AM IST
ബ്രാംപ്ടണ്‍ (കാനഡ): നോര്‍ത്ത് അമേരിക്കന്‍ പ്രവാസികളുടെ വള്ളംകളി തറവാടായ ബ്രാംപ്ടണ്‍ മലയാളി സമാജം ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനഡയിലെ പ്രമുഖ സഹൂഹ്യക പ്രവര്‍ത്തകനായ ജോണ്‍ പി. ജോണിന് സ്വീകരണം നല്‍കി.

കഴിഞ്ഞ ശനിയാഴ്ച സമാജം സെന്ററില്‍ ഒരുക്കിയ സ്വീകരണത്തില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, ജോണ്‍ പി. ജോണിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഴ്സി ഇലഞ്ഞിക്കല്‍, തോമസ് വര്‍ഗീസ്, ബിജു തയില്‍ചിറ, ജോയി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫോക്കാന 2016 ടൊറന്റോയില്‍ വന്‍വിജയമാക്കുമെന്ന് ഫോക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. തന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ സംഘടനകളെയും അതിന്റെ നേതാക്കളെയും അദ്ദേഹം യോഗത്തില്‍ നന്ദി അറിയിച്ചു.

ഓഗസ്റ് 30 ന് നടക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിക്ക് ഫൊക്കാനയുടെ എല്ലാ ആശംസകളും സഹകരണങ്ങളും അദേഹം അറിയിച്ചു.

ജോണ്‍ പി. ജോണ്‍ അര്‍പ്പണബോധമുള്ള ഒരു പ്രവാസി മലയാളി നേതാവ് ആണെന്നും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബ്രാംപ്ടണ്‍ മലയാളി സമാജം പൂര്‍ണമായി പിന്തുണയ്ക്കുമെന്നും സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പറഞ്ഞു. 2016 ലെ ഫൊക്കാന സമ്മേളനം ഒരു വന്‍ വിജയമാക്കാന്‍ എല്ലാ മലയാളി സംഘടനകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് മേഴ്സി ഇലഞ്ഞിക്കല്‍ പറഞ്ഞു. സ്വീകരണ യോഗത്തില്‍ എത്തിച്ചേര്‍ന്ന ഏവര്‍ക്കും തോമസ് വര്‍ഗീസ് നന്ദി രേഖപെടുത്തി.