കേളി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു
Friday, July 18, 2014 7:44 AM IST
റിയാദ്: വൃതശുദ്ധിയുടെ നിറവില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി കേളി കലാ സാംസ്കാരികവേദി റിയാദില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു.

സോന ജുവലറി, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയില്‍ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സ്വദേശികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരുമായ മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു. ബഹുജന പങ്കാളിത്തംകൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ജനകീയ ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ വ്യവസായ പ്രമുഖര്‍, സംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങി കുടുംബങ്ങളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ പങ്കെടുത്തു.

കേളി ഇഫ്താര്‍ സംഗമത്തിന്റെ ഭാഗമായി റിയാദിലെ വ്യവസായ മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്തു. വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സംഘടിപ്പിച്ച ജനകീയ ഇഫ്താറിന് കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം, സംഘാടക സമിതി ചെയര്‍മാന്‍ ബി.പി. രാജീവന്‍, കണ്‍വീനര്‍ ഇസ്മയില്‍ തടായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍