ഫ്രന്റ്സ് ക്രിയേഷന്‍സ് സംവാദം സംഘടിപ്പിച്ചു
Thursday, July 17, 2014 10:24 AM IST
റിയാദ്: ഗാസയുടെ മണ്ണില്‍ മരിച്ചു വീഴുന്ന നൂറുകണക്കിന് നിരപരാധികളായ കുട്ടികളോടും ഉമ്മമാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രന്റ്സ് ക്രിയേഷന്‍സ് റിയാദില്‍ സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമായി. മഅദനി, ഗസ, ഇറാഖ്... മനുഷ്യാവകാശ ധ്വംസനങ്ങളുടെ നേര്‍ക്കാഴ്ചകളിലേക്ക് എന്ന വിഷയത്തില്‍ നടന്ന ടേബിള്‍ ടോക് സാമൂഹ്യപ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. അര്‍ശുല്‍ അഹമദ് മുഖ്യപ്രഭാഷണം നടത്തി.

എല്ലാ അന്തര്‍ദേശീയ നിയമങ്ങളും കാറ്റില്‍ പറത്തി ഗാസയുടെ തുറന്ന ജയിലിനകത്ത് തികച്ചും മനുഷ്യത്വരഹിതമായി നിരായുധരും നിരപരാധികളുമായ ഒരു ജനതയുടെ നേരെ മിസൈലുകളും ബോംബുകളും പീരങ്കികളും പായിക്കുന്ന ഇസ്രായേലിന്റെ കൊടും ക്രൂരതക്കെതിരെ അര്‍ഥഗര്‍ഭമായ മൌനം തുടരുന്ന വന്‍ശക്തികളും യുഎന്നും കുറ്റവാളികളുടെ പട്ടികയിലാണെന്നും ഫ്രന്റ്സ് ക്രിയേഷന്റ്സ് സംവാദം ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമായ ഇസ്രായേലിന്റെ എല്ലാ ക്രൂരതകള്‍ക്കും മറ പിടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്താന്‍ മുസ്ലിം ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ലോകത്താകമാനമുള്ള മനുഷ്യസ്നേഹികള്‍ ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും സംവാദം ആവശ്യപ്പെട്ടു.

കാരുണ്യത്തിന്റെ മാസമായ റമദാനില്‍ പോലും ഇറാഖിലും സിറിയയിലും ലെബനോനിലും ക്രൂരമായ മനുഷ്യവേട്ട തുടരുന്ന മുഴുവന്‍ ഭരണാധികാരികളേയും പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണ ചെയ്യുവാന്‍ അന്താരാഷ്ട്ര കോടതികള്‍ക്ക് സാധിക്കേണ്ടതുണ്െടന്നും യോഗം വിലയിരുത്തി.

ഗാസയുടെ നേരെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു പ്രമേയം പോലും അവതരിപ്പിക്കാന്‍ തയാറില്ലാത്ത മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ വിദേശനയങ്ങള്‍ക്കെതിരെയും പ്രവാസലോകത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്െടന്ന് യോഗം ചൂണ്ടിക്കാട്ടി.

ഒന്നര പതിറ്റാണ്ട് കാലം ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വിചാരണ പോലും ചെയ്യപ്പെടാതെ നരകയാതന അനുഭവിക്കുന്ന അബ്ദുള്‍ നാസര്‍ മഅദനി മനുഷ്യാവകാശ ധ്വംസനങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. മഅദനിയെ മരണം വരെ കാരാഗൃഹത്തില്‍ തള്ളുവാന്‍ വലയൊരുക്കി കാത്തിരിക്കുന്നവര്‍ തന്നെയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിലപിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാറിന് മഅദനിയോട് യാതൊരു വിരോധവും തോന്നേണ്ട കാര്യമില്ലെന്നും എന്തൊക്കെയോ അന്തര്‍നാടകങ്ങള്‍ അരങ്ങേറുന്നതായും ഈ വിഷയത്തില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി. മഅദനി തെറ്റു ചെയ്തിട്ടുണ്െടങ്കില്‍ വിചാരണ പൂര്‍ത്തിയാക്കി അദ്ദേഹത്തെ ശിക്ഷിക്കുക. മഅദനി നിരപരാധിയാണെങ്കില്‍, ഇനിയുള്ള കാലമെങ്കിലും കുടുംബത്തോടൊപ്പം ജീവിക്കുവാന്‍ അനുവദിക്കുക. ഇന്ത്യന്‍ നിയമ സംവിധാനം മഅദനി വേട്ട ഇനിയും തുടരുന്ന പക്ഷം ചരിത്രത്തില്‍ ഏറ്റവും വലിയ കൊടുംപാതകത്തിന് ഇന്ത്യന്‍ നീതിപീഠം ഭാവിയില്‍ മറുപടി പറയേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്ല വല്ലാഞ്ചിറ, മൂസ്സക്കുട്ടി മുക്കം (ഒഐസിസി), സക്കറിയ (ന്യൂഏജ്), സലിം മൂസ, സലിം മാഹി (തനിമ സാംസ്കാരിക വേദി), അബ്ദുള്‍ റഹ്മാന്‍ ഹുദവി, മുനീര്‍ അസാദി (ഇസ്ലാമിക് സെന്റര്‍), അബ്ദുള്‍ ഗഫൂര്‍ വെളിമണ്ണ (ഐസിഎഫ്), അബ്ദുള്‍ അസീസ് കോഴിക്കോട് (എംഎസ്എസ്) എന്നിവര്‍ പ്രസംഗിച്ചു. ഉബൈദ് എടവണ്ണ സ്വാഗതവും മുഹമ്മദലി കൂടാളി നന്ദിയും പറഞ്ഞു. ജയകൃഷ്ണന്‍ കോഴിക്കോട്, ഷഫീഖ് കിനാലൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍