മലയാളം സൊസൈറ്റി ഹൂസ്റ്റണ്‍: സമൂഹവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും
Thursday, July 17, 2014 9:12 AM IST
ഹൂസ്റ്റണ്‍: ഗ്രെയ്റ്റര്‍ ഹൂസ്റ്റണിലെ ഭാഷാ സ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ 2014 ജൂലൈ സമ്മേളനം 13ന് (ഞായര്‍) വൈകുന്നേരം നാലിന് സ്റ്റാഫോര്‍ഡിലെ ഏബ്രഹാം ആന്‍ഡ് കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സമൂഹവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പ്രമുഖനും തികഞ്ഞ ഭാഷാ സ്നേഹിയുമായ ജോര്‍ജ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ അന്നത്തെ സതേണ്‍ റീജിയന്റെ പ്രസിഡന്റായിരുന്ന ജോര്‍ജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു വിഷയം തെരഞ്ഞെടുത്തത്.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 2003- 04 വര്‍ഷങ്ങളില്‍ കേരളത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചു പ്രസംഗിച്ചു. കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് അദ്ദേഹം വഴി കേരളത്തിലെത്തിച്ചത്. ജീവിതത്തില്‍ സ്വന്തം കാര്യം മാത്രമല്ലാതെ അന്യരുടെ അത്യാവശ്യങ്ങളിലെങ്കിലും നമ്മെക്കൊണ്ട് കഴിയുന്നത്രയും കൈത്താങ്ങായെങ്കിലെ ജീവിതം പൂര്‍ണമാകുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ പോലും ബലികൊടുത്ത സെന്റ് ഡാമിയനെക്കുറിച്ചും ജീവിതകാലം മുഴുവന്‍ നിര്‍ധനരെ ശുശ്രൂഷിച്ച മദര്‍ തെരേസയെക്കുറിച്ചും അദ്ദേഹം ചുരുക്കമായി വിവരിച്ചു.

തുടര്‍ന്ന് ജോര്‍ജ് ഏബ്രഹാം മുഖ്യപ്രഭാഷണം ആരംഭിച്ചു. സ്വന്തം പിതാവില്‍ നിന്നും ഉള്‍ക്കൊണ്ട് പ്രചോദനമാണ് ഇത്രയും വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. നോര്‍ക്കയുടെ ആഭിമുഖ്യത്തിലുളള പ്രവര്‍ത്തനങ്ങളുടെ തുടക്കമായി.

2003 ല്‍ മാങ്ങാനം മന്ദിരം ആശുപത്രിയില്‍ മുച്ചിറി മുച്ചുണ്ടു മൂലം മുഖവൈരുപ്യമുളള 486 കുട്ടികള്‍ക്ക് സൌജന്യമായി ശസ്ത്രക്രിയ നടത്തി അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

2004-ല്‍ വിവിധ ആശുപത്രികളിലായി ആയിരത്തോളം നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സയും ശസ്ത്രക്രിയ വേണ്ടവര്‍ക്ക് അതും ചെയ്തു. പതിന്നാല് കണ്െടയ്നറുകളില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നാട്ടിലെത്തിച്ച് ആവശ്യാനുസരണം വിവിധ ആശുപത്രികളില്‍ വിതരണം ചെയ്തു. നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും എയ്ഡ്സ് രോഗബാധിതര്‍ക്കും കോച്ചിംഗ് ക്ളാസുകള്‍ നടത്തി. ഇതെല്ലാം അമേരിക്കയില്‍ നിന്നുതന്നെ കൊണ്ടുപോയ മെഡിക്കല്‍ ടീമാണ് ചെയ്തത്. ആനപ്രാമ്പാല്‍ മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂള്‍ പുനരുദ്ധരിക്കുന്നതിന് വേണ്ട സഹായം ചെയ്തു. അങ്ങനെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ് അക്കാലത്തു നടത്തിയത്. ജോര്‍ജ് ഏബ്രഹാം വിവരിച്ചു.

തുടര്‍ന്നുളള ചര്‍ച്ച വളരെ സജീവമായിരുന്നു. ലോകത്ത് എന്നും എക്കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഓരോരുത്തരും തന്നാല്‍ കഴിയുന്ന പരസഹായം ചെയ്യണമെന്നും സദസ്യര്‍ വിലയിരുത്തി. ജി. പുത്തന്‍കുരിശ് കുമാരനാശന്റെ 'ചെറിയവ എന്ന കവിതയിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. ചെറുതെങ്കിലും കഴിയുന്നത്രയും മറ്റുളളവര്‍ക്ക് സഹായമാകുന്നത് ഈശ്വരന്റെ മുമ്പില്‍ വലുതാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. കൂടാതെ സ്നേഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ സ്നേഹമാണഖിലസാരം എന്ന കവിത ആലപിക്കുകയും ചെയ്തു. പൊന്നുപിളള, ജോര്‍ജ് എബ്രഹാം, ടി. ജെ. ഫിലിപ്പ്, എ.സി. ജോര്‍ജ്, ജോസഫ് തച്ചാറ, ജോസഫ് മണ്ഡവത്തില്‍, തോമസ് വര്‍ഗീസ്, ടോം വിരിപ്പന്‍, തോമസ് തയ്യില്‍, സുരേഷ് ചീയേടത്ത്, ജീമോന്‍ റാന്നി, ജെയിംസ് ചാക്കോ, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ടോം വിരിപ്പന്റെ നന്ദി പ്രസംഗത്തോടെ 6.30 ന് സമ്മേളനം അവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്): 281 857 9221, ജോളി വില്ലി (വൈസ് പ്രസിഡന്റ്): 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) : 281 773 1217.