ഇന്ത്യന്‍ വംശജന്‍ രാഹുല്‍ പട്ടേല്‍ അലബാമയില്‍ വെടിയേറ്റ് മരിച്ചു
Thursday, July 17, 2014 9:08 AM IST
അലബാമ: ഇന്ത്യന്‍ വംശജന്‍ രാഹുല്‍ പട്ടേല്‍ അലബാമയില്‍ വെടിയേറ്റ് മരിച്ചു. മോണ്ടഗോമറിയില്‍ ലിക്വര്‍ ഷോപ്പ് നടത്തുകയായിരുന്ന രാഹുല്‍ കുമാറിനെ (26) അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച തസ്കരന്മാര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

ജൂലൈ 13 ന് (ഞായര്‍) രാത്രി ഒമ്പതിന് കടയില്‍ എത്തിയ ആക്രമികള്‍ രാഹുലിനു നേരെ മൂന്ന് റൌണ്ട് വെടിയുതിര്‍ത്തു. ജൂലൈ 14 ന് രാഹുല്‍ മരിച്ചതായി മോണ്ടഗോമറി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് സാര്‍ജന്റ് ഡെന്നിസ് ബാര്‍ണിസ് പത്രങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.

ഗുജറാത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പാണ് രാഹുല്‍ അമേരിക്കയില്‍ എത്തിയതെന്ന് അടുത്ത സുഹൃത്ത് ഭരത് പട്ടേല്‍ പറഞ്ഞു. അവിവാഹിതനായ രാഹുല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പോയി വിവാഹം നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ അലഭാമ മോണ്ട് ഗോമറി പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 334 625 2831 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍