എംഎംസിഎയുടെ സ്പോര്‍ട്സ് ഡേ ആവേശത്തിരയായി
Tuesday, July 15, 2014 8:17 AM IST
മാഞ്ചസ്റര്‍: വീറും വാശിയും അവസാനം വരെ നീണ്ട കായിക മത്സരങ്ങളും അസോസിയേഷന്‍ കുടുംബങ്ങളുടെ പങ്കാളിത്തവും തെളിഞ്ഞ കാലാവസ്ഥയും ഒത്തുചേര്‍ന്നതോടെ ഈ വര്‍ഷത്തെ മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്പോര്‍ട്സ് ഡേ ആവേശോജ്വലമായി.

ശനി രാവിലെ 10 മുതല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന കായികമേള അസോസിയേഷന്‍ പ്രസിഡന്റ് മനോജ് വെളിത്താലില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ അസോസിയേഷന്‍ പ്രസിഡന്റുമാരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മത്സരങ്ങള്‍ നിയന്ത്രിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങള്‍ നടത്തി. ഉച്ചയോടെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.

റമ്മി, ചെസ്, ക്യാരംസ് തുടങ്ങിയ മത്സരങ്ങളില്‍ കൊച്ചുകുട്ടികള്‍ തുടങ്ങി മുതിര്‍ന്നവര്‍ വരെ പങ്കെടുത്തു. അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് സ്പോര്‍ട്സ് ഡേ നടന്നത്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവര്‍ക്കും സ്പോര്‍ട്സ് ഡേയില്‍ പങ്കെടുത്തവര്‍ക്കും അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് പിആര്‍ഒയുമായ ബെന്നിച്ചന്‍ മാത്യു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍