ഫ്രാന്‍സ് ടൂറിസ്റ് വീസാ നിയമത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇളവ് വരുത്തുന്നു
Tuesday, July 15, 2014 8:15 AM IST
പാരിസ്: ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ്റ് വീസാ നിയമത്തില്‍ ഇന്ത്യാക്കാര്‍ക്ക് ഇളവ് വരുത്തുന്നു. ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ്റ് വീസകള്‍ക്ക് ബയോമെട്രിക് പാസ്പോര്‍ട്ട് വേണമെന്നുള്ള നിയന്ത്രണം ഇനി മേലില്‍ ഇന്ത്യാക്കാര്‍ക്ക് ബാധകമല്ല. അതുപോലെ വീസക്കുവേണ്ടി ഫ്രഞ്ച് എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍ ഇനി മുതല്‍ നേരിട്ട് പോകേണ്ട ആവശ്യമില്ല. അര്‍ഹതയുള്ള അപേക്ഷകര്‍ക്ക് 48 മണിക്കൂറില്‍ ടൂറിസ്റ്റ് വീസ നല്‍കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഡോ. ഫ്രാങ്കോസ് റിഹിയര്‍ പറഞ്ഞു.

ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ്റ് വീസകള്‍ 2015 ജനുവരി ഒന്നു മുതല്‍ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസിനെ ഏല്‍പ്പിക്കുമെന്നും ഈ ഏജന്‍സി സര്‍വീസ് കൊച്ചിയില്‍ തുടങ്ങുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയില്‍ നിന്നും ഫ്രാന്‍സിലേക്കും യൂറോപ്പിലേക്കും വരുന്നവര്‍ക്ക് കൂടുതല്‍ എളുപ്പവും പ്രയോജനപ്രദവുമാണ്. അതുപോലെ ഷെങ്കന്‍ വീസയില്ലാതെ ഇന്ത്യയില്‍ നിന്നും ജര്‍മനിയില്‍ വരുന്ന ടൂറിസ്റുകള്‍ക്കും ഫ്രഞ്ച് വീസക്ക് അപേക്ഷിക്കാം. എന്നാല്‍ ഈ തരത്തില്‍ ജര്‍മനിയില്‍ വന്നതിനുശേഷമുള്ള വീസാ അപേക്ഷകള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും അസാധാരണ സാഹചര്യത്തിലെ മാത്രമേ ഇത് അനുവദിക്കുകയുള്ളു.

് റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍