ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി അബാസിയയിലും പാസ്പോര്‍ട്ട് സേവന കേന്ദ്രം
Tuesday, July 15, 2014 6:56 AM IST
കുവൈറ്റ് : ഇന്ത്യക്കാര്‍ തിങ്ങിത്താമസിക്കുന്ന അബാസിയയില്‍ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്, വീസ സേവനകേന്ദ്രം തുറക്കുന്നു. ഓഗസ്റ് മൂന്ന് മുതലാണ് അബാസിയയില്‍ സേവന കേന്ദ്രം പ്രവര്‍ത്തിച്ച് തുടങ്ങുകയെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ എംബസിയുടെ സേവനകേന്ദ്രം നടത്തുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതിനോടനുബന്ധിച്ചാണ് ശര്‍ഖിനും ഫഹാഹീലിനും പുറമെ അബാസിയയിലും സേവനകേന്ദ്രം തുടങ്ങുന്നത്. കോക്സ് ആന്‍ഡ് കിംഗ്സ് ഗ്ളോബല്‍ സര്‍വീസസിന്റെ കുവൈറ്റിലെ പങ്കാളികളായ അല്‍ഖബസ് അഷൂറക്സ് ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിക്കാണ് സേവനം കേന്ദ്രം നടത്തുന്നതിനുള്ള പുതിയ കരാര്‍ ലഭിച്ചത്.

ശര്‍ഖില്‍ ബഹ്ബഹാനി ടവറിലെ 17-ാം നില, ഫഹാഹീലില്‍ മക്ക സ്ട്രീറ്റില്‍ അല്‍അനൂദ് കോംപ്ളക്സിന് മുന്നിലെ ഖൈസ് അല്‍ഗാനിം കോംപ്ളക്സിലെ നാലാം നില, അബാസിയ അല്‍ഷുയൂഖ് ബ്ളോക്ക് ഒന്ന് സ്ട്രീറ്റ് ഒന്നില്‍ എക്സൈറ്റ് ബില്‍ഡിംഗിലെ രണ്ടാം നില എന്നിവിടങ്ങളിലാണ് അല്‍ഖബസ് അഷൂറക്സ് ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കീഴിലുള്ള ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്, വീസ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയും വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയുമാണ് സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

ഓഗസ്റ് രണ്ടുവരെ നിലവിലുള്ള ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസിന്റെ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. രണ്ടിന് മുമ്പ് ലഭിക്കാത്ത പാസ്പോര്‍ട്ടുകള്‍ പിന്നീട് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും. മൂന്നിന് തുറക്കേണ്ട പുതിയ സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്തെങ്കിലും കാരണങ്ങളാല്‍ തുടങ്ങാന്‍ വൈകുകയാണെങ്കില്‍ പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ക്കും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍