സെന്‍ട്രല്‍ മാഞ്ചസ്ററിലെ തിരുനാളില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് സായൂജ്യം
Tuesday, July 15, 2014 6:54 AM IST
മാഞ്ചസ്റര്‍: പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളെ മുറുകപിടിച്ചുകൊണ്ട് ഭാരതത്തിന്റെ അപ്പസ്തോലാന്‍ വിശുദ്ധ തോമാസ്ളീഹയുടെയും കേരളത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

തങ്ങളുടെ വിശ്വാസ സത്യം പ്രകടമാക്കി ചുണ്ടുകളില്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്ന നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ തിരുനാളിന് കോടി ഉയര്‍ത്തിയതോടെ രണ്ടു ദിവസത്തെ തിരുനാളിന് തുടക്കമായി.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററും തൃശൂര്‍ അതിരൂപത സഹായ മെത്രാനുമായ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ ഇയാന്‍ ഫരേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിയെ തുടര്‍ന്ന് വിശുദ്ധരുടെ തിരു സ്വാരൂപം വഹിച്ചുകൊണ്ട് കേരളതനിമയില്‍ ഭക്തി സാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം റിച്ച്മോണ്ട് ഗ്രൂവിലൂടെ കടന്നു ഹെതെര്‍സെജു റോഡു വഴി പള്ളിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹ വിരുന്നും നടന്നു.

സീറോ മലബാര്‍ യുത്ത് ലീഗ് നടത്തിയ മിനി കാര്‍ണിവല്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.

തിരുനാളില്‍ പങ്കെടുത്തവര്‍ക്കും തിരുനാള്‍ ഭംഗി ആയി നടത്താന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി ഫാ. തോമസ് തൈക്കൂട്ടത്തില്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍