എസ്എന്‍ഡിപി യുകെ ശാഖായോഗത്തിന് പുതിയ കുടുംബ യൂണിറ്റുകള്‍
Monday, July 14, 2014 8:14 AM IST
ലണ്ടന്‍: ലോക മാനവതയുടെ നന്മയ്ക്കായി ശ്രീനാരായണ സന്ദേശം എല്ലാ ഗുരുഭക്തരിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യുകെ ശാഖാ യോഗം 6170 ന്റെ കീഴില്‍ രണ്ട് പുതിയ കുടുംബയൂണിറ്റുകള്‍ കൂടി രൂപീകരിച്ചു. വെംബ്ളിയിലും ക്രോയിഡോണിലും നിലവില്‍വന്ന പുതിയ കുടുംബ യൂണിറ്റുകള്‍ എസ്എന്‍ഡിപി യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരും.

ദൈവ ദശകത്തിന്റെ നൂറാം വാര്‍ഷികം ലോകമെമ്പാടുമുള്ള ശ്രീനാരായണിയര്‍ ആഘോഷിക്കുന്ന വേളയില്‍ ലണ്ടനില്‍ കൂടിയ എല്ലാ ഗുരുഭക്തരും പ്രാര്‍ഥന ഏറ്റുചൊല്ലി. ഗുരുദേവന്റെ ആരാധനയില്‍ അധിഷ്ഠിതതമായ ഒരു ശ്രീനാരായണീയ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി യുകെയിലെ എല്ലാ ഗുരുഭക്തരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് യുകെ ശാഖാ സെക്രട്ടറി വിഷ്ണു നടേശന്‍ അഭ്യര്‍ഥിച്ചു.

ഗുരുദേവ സന്ദേശങ്ങളുടെ മഹത്വവും ഗുരുദേവ കൃതികളുടെ പ്രാധാന്യവും ഉയര്‍ത്തി കാണിച്ചുകൊണ്ടുള്ള സുധാകരന്‍ പാലയുടെ പ്രഭാഷണം ശ്രീനാരായണീയരില്‍ ആവേശം ഉളവാക്കി.

സമ്മേളനങ്ങള്‍ എസ്എന്‍ഡിപിയുടെ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്രോയിഡോണില്‍ കുമാര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സൌമ്യ ഉല്ലാസ് സ്വാഗതവും അജിത ബെന്നി കൃതജ്ഞതയും പറഞ്ഞു. കുടുംബ യൂണിറ്റുകളുടെ ഉദ്ഘാടനം യുകെ യോഗം പ്രസിഡന്റ് സുജിത് ഉദയന്‍ നിര്‍വഹിച്ചു.

ഗുരുദര്‍ശന കുടുംബ യൂണിറ്റ് വെംബ്ളിയുടെ കണ്‍വീനറായി അജിത ബെന്നി, ജോയിന്റ് കണ്‍വീനറായി എം.പി പ്രമോദും കമ്മിറ്റി അംഗങ്ങളായി രതീഷ് രവി, അജിത് വാസു എന്നിവരേയും തെരഞ്ഞെടുത്തു. ശ്രീനാരായണ കുടുംബ യൂണിറ്റ് ക്രോയിഡോണിന്റെ കണ്‍വീനറായി ആര്‍. അശോകനേയും ജോ. കണ്‍വീനറായി ബൈജു നാഥിനേയും കമ്മിറ്റി അംഗങ്ങളായി സുനില്‍, രാജീവ് എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ കുടുംബ യൂണിറ്റുകളുടെ രൂപീകരിക്കുന്നതില്‍ കുമാര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ഇംഗ്ളണ്ടിന്റെ എല്ലാ പ്രധാന പട്ടണങ്ങളിലും കുടുംബ യൂണിറ്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലമാക്കാന്‍ പൊതുയോഗത്തില്‍ തീരുമാനമെടുത്തതിന്റെ ഭാഗമായി ഈസ്റ്ഹാം, മാഞ്ചസ്റര്‍, ലിവര്‍പൂള്‍, സൌത്താംപ്ടണ്‍, സ്കോട്ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പുതിയ കുടുംബ യൂണിറ്റുകള്‍ നിലവില്‍ വരും.

മഹത്ഗുരു ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ആഘോഷമാക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്