മുസാമിയയില്‍ നിന്നെത്തിയ മലയാളിയെ ബത്തയില്‍ കൊള്ളയടിച്ചു
Monday, July 14, 2014 8:09 AM IST
റിയാദ്: മുസാമിയയില്‍ നിന്നെത്തിയ മലയാളിയെ ബത്തയില്‍ കൊള്ളയടിച്ചു. മുസാമിയയില്‍ സൈന്‍ബോര്‍ഡ് തൊഴിലാളിയായ ആലപ്പുഴ വാടയ്ക്കല്‍ സ്വദേശി ജാക്സണെ ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ആറു പേരടങ്ങുന്ന സംഘത്തിന്റെ ആക്രമത്തിനിരയായ ജാക്സന്റെ ഇഖാമയും പണവുമടക്കും പേഴ്സ് നഷ്ടപ്പെട്ടു.

ബത്തയില്‍ നിന്നും ഓല്‍ഡ് സനയ്യയിലേക്ക് പോകുന്ന മദീന റോഡില്‍ രാത്രി 11 ആയിരുന്നു സംഭവം. കടകളുടെയും സ്ഥാപനങ്ങളുടേയും നെയിം ബോഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ വാങ്ങിക്കാനായിരുന്നു ജാക്സന്‍ ബത്തയില്‍ എത്തിയത്.

വാഹനം നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ പെട്ടെന്ന് അക്രമിക്കപ്പെടുകയായിരുന്നു. ബലം പ്രയോഗിച്ച് പോക്കറ്റില്‍ നിന്ന് പേഴ്സ് തട്ടിയെടുത്തശേഷം ജാക്സന്‍ വന്ന പിക്അപ്പ് വാഹനവും പരിശോധിച്ച ശേഷമാണ് സംഘം സ്ഥലം വിട്ടത്. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘത്തിന്റെ കൈവശം മാരകായുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിജയിച്ചില്ല. പേഴ്സില്‍ 1500 ഓളം റിയാലാണ് ഉണ്ടായിരുന്നത്. ഇഖാമ കൂടാതെ വണ്ടിയുടെ ഇസ്തിമാറ, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ തുടങ്ങിയവയും നഷ്ടപ്പെട്ടു. പണം അപഹരിച്ച സംഘം ഇഖാമയും മറ്റും വഴിയില്‍ ഉപേക്ഷിക്കുമെന്ന് കരുതുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 050746129, 0501813831 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍