ഇസ്ലാഹി മൂവ്മെന്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നു
Monday, July 14, 2014 6:38 AM IST
കുവൈറ്റ്: വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ചതായി ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അസിസ്റന്റ് സെക്രട്ടറി മൌലാന അമീനുദ്ദീന്‍ ഫൈദി (പശ്ചിത ബംഗാള്‍) എന്നിവര്‍ അറിയിച്ചു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലെ പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ബിഹാര്‍, ആസാം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യമായി സ്കൂളുകള്‍ ആരംഭിക്കുക. 'ഇസ്ലാഹി ഗ്രാമീണ്‍' വിദ്യാലയം എന്ന പേരില്‍ ആദ്യത്തെ സ്ഥാപനം പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ തുടങ്ങി അടുത്ത അധ്യായന വര്‍ഷത്തില്‍ തന്നെ ക്ളാസുകള്‍ ആരംഭിക്കും.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്െടങ്കിലും ഈയിടെ ഉണ്ടായ ചില സാങ്കേതിക പ്രശ്നങ്ങള്‍ അവരുടെ തുടര്‍പഠനത്തിന് ബുദ്ധിമുട്ടുകള്‍ വരു ത്തിവയ്ക്കുകയുണ്ടായി. ഈ പ്രത്യേക സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്നതാണ് പ്രായോഗിക പരിഹാരമെന്നും അതിന് കേരളീയ സമൂഹത്തിന്റെ ശക്തമായ പിന്തുണ ആവശ്യമാണെന്നും ഇസ്ലാഹി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷ ത്തിനുള്ളില്‍ ഇസ്ലാഹി മൂവ്മെന്റ് ഉത്തരേന്ത്യയിലെ ദുരിത മേഖലകളില്‍ 700 പദ്ധതികള്‍ നടപ്പിലാക്കിയതായി അവര്‍ അറിയിച്ചു.

കുവൈറ്റ് ഔക്കാഫ് അസിസ്റന്റ് സെക്രട്ടറി ഷേഖ് ദാവൂദ് അബ്ദുള്‍ വഹാബ് അല്‍ അസൂസി, ദി ട്രൂത്ത് സംസ്ഥാന ഡയറക്ടര്‍ അബ്ദുറഷീദ് സുല്ലമി ഉഗ്രപുരം, അബൂബക്കര്‍ സിദ്ധീഖ് മദനി, അബ്ദുള്‍ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐഐസി പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു.

ജാലിയാത്ത് വകുപ്പ് ഡയറക്ടര്‍ ഷേഖ് യൂസുഫ് ശുഹൈബ്, മുഹമ്മദ് അലി (മസ്ജിദുല്‍ കബീര്‍ പ്രതിനിധി), എം.എ ഹിലാല്‍ (ഒഐസി ചെയര്‍മാന്‍), മുഹമ്മദ് റാഫി (എംഇഎസ്), വി.എ മൊയ്തുണ്ണി തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍